എസ്.ആർ.സുധീർ കുമാർ
കൊല്ലം: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡിന്റെ (ഐആർസിറ്റിസി) പോർട്ടൽ വഴി ബുക്ക് ചെയ്യുന്ന ഓരോ വിമാന ടിക്കറ്റിനും 50 ലക്ഷം രൂപയുടെ യാത്രാ ഇൻഷ്വറൻസ്.
കോർപറേഷന്റെ മൂല്യവർധിത സേവനം എന്ന നിലയിലാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ജോയിന്റ് ജനറൽ മാനേജർ ( ടൂറിസം )പി. സാം ജോസഫ് വ്യക്തമാക്കി.
ഐആർസിടിസി എയർ എന്ന ആപ്പ് മുഖേന പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക വിമാന ടിക്കറ്റും സർക്കാർ ജീവനക്കാരുടെ അവധി യാത്ര ആനുകൂല്യ ( എൽടിസി) ടിക്കറ്റുകളും ലഭ്യമാണ്.
ഐആർസിടിസിയുടെ 24-ാം വാർഷിക ആഘോഷത്തിന്റെയും ടൂറിസം ദിനാചരണത്തിന്റെയും ഭാഗമായി ഇന്നു മുതൽ 27 വരെ ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് പ്രത്യേക ഇളവും കോർപറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ദിവസങ്ങളിൽ www.air.irctc.com എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന വിമാന ടിക്കറ്റുകൾക്ക് ഒരു തരത്തിലുമുള്ള സർവീസ് ചാർജും ഈടാക്കില്ല. മാത്രമല്ല വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുന്നതെങ്കിൽ ടിക്കറ്റ് നിരക്കിൽ 2,000 രൂപ വരെ ഇളവും ലഭിക്കും.
ആഭ്യന്തര- അന്താരാഷ്്ട്ര വിമാന യാത്രാ ടിക്കറ്റുകൾ ആകർഷകമായ നിരക്കിൽ ലഭ്യമാകുന്നതിന് അയാട്ട (IATA) സർട്ടിഫിക്കേഷനുള്ള വെബ്സൈറ്റാണ് കോർപറേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്.
ഉപഭോക്തൃ സൗഹൃദമായ ഈ വെബ്സെറ്റ് വഴി എളുപ്പത്തിൽ വിമാനങ്ങൾ തെരയുന്നതിനും നിരക്കുകൾ താരതമ്യം ചെയ്യുന്നതിനും ഏതാനും ക്ലിക്കുകളിലൂടെ ഉപഭോക്താക്കൾക്ക് കഴിയും.
അടുത്ത മാസം മുതൽ ആരംഭിക്കുന്ന വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട യാത്രകൾക്കും പുതുവത്സര യാത്രകൾക്കും ഇപ്പോഴത്തെ ഇളവുകൾ പ്രയോജനപ്പെടുത്താമെന്ന് കോർപറേഷൻ ജോയിന്റ് ജനറൽ മാനേജർ ( ടൂറിസം ) പറഞ്ഞു.
ഏത് അവസരത്തിലും റെയിൽ, റോഡ്, വിമാന യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് കോർപ്പറേഷന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന വിഭാഗത്തിലെ പൊതുമേഖലാ സ്ഥാപനമാണ് ഐആർസിടിസി.