രാജു കുന്നക്കാട്ട്
ഡബ്ലിൻ: കേരളത്തിൽനിന്നു മക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ താത്കാലിക വിസയിൽ അയർലൻഡിൽ എത്തിയ മാതാപിതാക്കൾ ഉൾപ്പെടെ 200 പേർ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ ദുരിതപ്പെടുന്നു.
വിസിറ്റിംഗ് വീസ കാലാവധി നീട്ടിക്കിട്ടിയാൽതന്നെ ഇവർക്ക് തിരികെപ്പോരാൻ വിമാന സർവീസുകൾ നിലവിലില്ല. കുറഞ്ഞത് ഒന്നര മാസം കഴിയാതെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കില്ലെന്നാണു സൂചന.
കൊറോണ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ഇവരുടെ ആരോഗ്യകാര്യങ്ങളിൽ ആശങ്ക ഉയരുന്നുണ്ട്. അയർലൻഡിൽ ആകെ കൊറോണ ബാധിതരുടെ എണ്ണം 8200 കവിഞ്ഞു. മരണം 300നു മുകളിലായി. മരിച്ചവരിൽ പകുതിയിലേറെ പേർ നഴ്സിംഗ് ഹോമുകളിൽ കഴിഞ്ഞിരുന്ന വയോധികരാണ്.
അയർലൻഡിൽനിന്ന് 14,000 പേരുടെ സാന്പിൾ ജർമനിയിലേക്കു പരിശോധനയ്ക്ക് അയച്ചതിൽ 1035 പേർ മാത്രമാണ് പോസിറ്റീവായി കാണുന്നതെന്നത് ആശ്വാസവാർത്തയാണ്.
ഇതര യൂറോപ്യൻ രാജ്യങ്ങളേക്കാൾ കുറവാണ് അയർലണ്ടിൽ കൊറോണ ബാധിതരുടെ എണ്ണം. ദിവസം 1,000 പേരുടെ സാന്പിൾ പരിശോധന നടക്കുന്നതായാണ് പ്രഖ്യാപനമെങ്കിലും ഇത്രയും പരിശോധനകൾക്കുള്ള സാഹചര്യം നിലവിലില്ല.
പതിനായിരത്തോളം പേർ സാന്പിൾ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. രോഗബാധിതരോട് സന്പർക്കം ഒഴിവാക്കി വീടുകളിൽ കഴിയാനാണ് നിർദേശം. ഗുരുതരാവസ്ഥയിലെത്തുന്നവരെയാണ് ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്.
വിവിധ പ്രോവിൻസുകളിലായി 150 മലയാളി നഴ്സുമാരും 50 ഹെൽത്ത് കെയർ ജീവനക്കാരും കൊറോണ ബാധിതരായി വീടുകളിൽ ചികിത്സയിലുണ്ട്.