മലയാളികള്‍ ഉള്‍പ്പെടെയുള്ള അയര്‍ലന്‍ഡിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. പോസ്റ്റ്ഗ്രാജ്വേഷന് പഠിക്കാനെത്തി, പഠനം കഴിഞ്ഞും രണ്ട് വര്‍ഷം വരെ വിദ്യാര്‍ഥികള്‍ക്ക് അയര്‍ലന്‍ഡില്‍ തന്നെ താമസിക്കാമെന്ന സര്‍ക്കാരിന്റെ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. തേര്‍ഡ് ലെവല്‍ ഗ്രാജ്വേറ്റ് സ്കീം എന്നറിയപ്പെടുന്ന പദ്ധതി യൂറോപ്യന്‍ യൂണിയന്, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവയ്ക്ക് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ബാധകമാണ്. ഇത് പ്രകാരം ഇവര്‍ക്ക് ആഴ്ചയില്‍ 40 മണിക്കൂര്‍ വരെ ഇവിടെ ജോലി ചെയ്യാം. പഠനകാലത്തും 20 മണിക്കൂര്‍ വരെ ജോലി ചെയ്യാനാവും.
ഒരുവര്‍ഷം മാത്രമുണ്ടായിരുന്ന സ്റ്റേ ബാക്ക് ഓപ്ഷന് രണ്ടു വര്ഷമാക്കിയായതോടെ ഇന്ത്യയില്‍ നിന്നടക്കമുള്ള വിദേശ വിദ്യാര്‍ഥികളുടെ പ്രവാഹം തന്നെ അയര്‍ലന്‍ഡിലേക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അയര്‍ലന്‍ഡിലേക്കുള്ള പഠിതാക്കളുടെ എണ്ണം കൂടിയിരുന്നു. ലോകോത്തരമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോഴ്സുകളും അയര്‍ലന്‍ഡിനെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.