ബീഹാറിലും ഒരു കായംകുളം കൊച്ചുണ്ണിയുണ്ട്. പേര് ഇര്‍ഫാന്‍. ഇക്കഴിഞ്ഞയിടെ ഡല്‍ഹി പോലീസിന്റെ പിടിയിലായതോടെയാണ് ഇയാളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ പുറം ലോകമറിയുന്നത്. ഡല്‍ഹി പോലീസിന് ഇര്‍ഫാന്‍ വലിയ കള്ളനാണെങ്കില്‍ ബീഹാറിലെ സ്വന്തം ഗ്രാമവാസികള്‍ക്ക് ഇദ്ദേഹം സമ്പന്നനായ സാമൂഹ്യ പ്രവര്‍ത്തകനാണ്. പാവങ്ങളെ കയ്യയച്ചു സഹായിക്കും. ദുരിതത്തില്‍ ഉഴലുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹച്ചെലവ് നിര്‍വഹിക്കും. ഇത്തരത്തില്‍ ഇതിനകം എട്ട് ദരിദ്ര പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ ഇയാള്‍ നടത്തിക്കൊടുത്തിട്ടുണ്ട്. തീര്‍ന്നില്ല, ഇര്‍ഫാന്‍ എന്ന കള്ളന്റെ മഹിമകള്‍. പാവങ്ങള്‍ക്കായി ആരോഗ്യ ക്യാമ്പ് സംഘടിപ്പിക്കും. അതുകൊണ്ട് പ്രദേശവാസികള്‍ ഇദ്ദേഹത്തെ സ്നേഹത്തോടെ ഉജാല ബാബു എന്ന് വിളിക്കും. എന്നാല്‍ ഒരു മോഷണ കേസില്‍ ഇയാള്‍ അറസ്റ്റിലായതോടെ പുറത്തുവന്ന കഥകള്‍ ഗ്രാമവാസികള്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. മോഷണം നടത്തിയാണ് ഇര്‍ഫാന്‍ തങ്ങളെ സഹായിച്ചിരുന്നതെന്നറിഞ്ഞ ആളുകള്‍ ഞെട്ടിയിരിക്കുകയാണ്.
തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയാണ് ഇര്‍ഫാന്റെ പ്രവര്‍ത്തന മേഖല. സമ്പന്നരുടെ വീടുകള്‍ തേടിപ്പിടിച്ച് കൊള്ളയടിക്കും. ഡല്‍ഹിയില്‍ മാത്രം ഇത്തരത്തില്‍ 12 വന്‍ മോഷണങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്. വിലകൂടിയ കാറുകളോടും വാച്ചുകളോടും വല്ലാത്ത ഭ്രമമാണ്, ഇര്‍ഫാന്. നാലുവര്‍ഷം മുന്‍പ് ജോലി തേടി ഡല്‍ഹിയിലേക്ക് ചേക്കേറിയ ഇര്‍ഫാന്‍ സമ്പന്നനായാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. ഇര്‍ഫാന്റെ കാമുകിയ്ക്കും ഇയാളില്‍ സംശയമുണ്ടായിരുന്നില്ല. ഏതാനും മാസം മുന്‍പ് ഇര്‍ഫാന്‍ ഒരു ഹോണ്ട സിവിക് കാര്‍ സ്വന്തമാക്കി. വിവിധയിടങ്ങളില്‍ നിന്നായി മോഷ്ടിച്ച വിലകൂടിയ വാച്ചുകളും ആഭരണങ്ങളും പ്രാദേശിക കച്ചവടക്കാരന് വില്‍പ്പന നടത്തിയായിരുന്നു ഇത്. ധര്‍മേന്ദര്‍ എന്നയാളും ഇര്‍ഫാനോടൊപ്പം പിടിയിലായിട്ടുണ്ട്. ഇര്‍ഫാന്റെ കൂട്ടാളിയാണെന്നാണ് കരുതപ്പെടുന്നത്. വന്‍കിട ഹോട്ടലുകളിലായിരുന്നു ഇവരുടെ താമസം. ആഡംബര വാഹനങ്ങളിലാണ് യാത്ര. ഇഷ്ടപ്പെട്ട ഗാനം പാടുന്നതിന് ഒരു ബാര്‍ മാനേജര്‍ക്ക് ഇദ്ദേഹം പതിനായിരം രൂപ ടിപ്പ് കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. ഇര്‍ഫാന്റെ ലീലാവിലാസങ്ങള്‍ കേട്ട് വിസ്മയ സ്തബ്ധരായിരിക്കുകയാണ് ഗ്രാമവാസികള്‍.