ന്യൂഡൽഹി: കപിൽ ദേവിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർ എന്ന വിശേഷണത്തോടെ എത്തിയ താരമാണ് ഇർഫാൻ പത്താൻ. 2003ൽ 19ാം വയസിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ പത്താൻ കരിയറിന്റെ തുടക്കത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. ചെറിയ കരിയറിൽ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ പത്താൻ ഇന്ത്യൻ കുപ്പായത്തിൽ 120 ഏകദിനങ്ങളും 29 ടെസ്റ്റുകളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചു.
കഴിഞ്ഞ 20ന് ബംഗളൂരുവിൽ നടന്ന ഐപിഎൽ താരലേലത്തിൽ പത്താനെ ഒരു ടീമും ഏറ്റെടുക്കാൻ തയാറാകാതിരുന്നതോടെയാണ് ഈ ഓൾറൗണ്ടർ വീണ്ടും വാർത്തയിൽ നിറഞ്ഞത്. 32 വയസുകാരനായ പത്താനെ ഐപിഎൽ ടീമുകളിൽ ആർക്കും വേണ്ടാതെ വന്നത് കളിപ്രേമികളിൽ അത്ഭുതം സൃഷ്ടിച്ചു. ഐപിഎല്ലിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും വ്യക്തമാക്കി പത്താൻ ആരാധകർക്കായി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം.
2010ൽ അഞ്ച് തവണ പരിക്ക് പിടികൂടിയിരുന്നു. കരിയർ തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് ഫിസിയോ തന്നോട് പറഞ്ഞത്. പക്ഷേ, തളരാൻ താൻ ഒരുക്കമായിരുന്നില്ല. എന്ത് വേദനയും സഹിക്കാം പക്ഷേ, രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കാതിരിക്കുന്നത് സഹിക്കാൻ കഴിയില്ലെന്നാണ് പത്താൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയത്. ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന് വേണ്ടി മാത്രമല്ല, ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കിട്ടുന്നതിന് വേണ്ടിയാണ് താൻ പരിശ്രമിക്കുന്നത്. തന്റെ ജീവിതത്തിലും കരിയറിലും നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും പക്ഷേ, താൻ ഒരിക്കൽ പോലും തോറ്റ് പിൻമാറിയിട്ടില്ലെന്നും പത്താൻ വ്യക്തമാക്കുന്നു.
പരിക്ക് മൂലം കഴിഞ്ഞ സീസണിലെ ആഭ്യന്തര മത്സരങ്ങളിൽ ഭൂരിഭാഗവും പത്താന് നഷ്ടമായിരുന്നു. എന്നാൽ സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ പത്താൻ ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലായിരുന്നു. സയിദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റെിൽ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് നേടി തിരിച്ചുവരവ് അറിയിക്കുകയും ചെയ്ത താരത്തെ പക്ഷേ ഐപിഎൽ താരലേലത്തിൽ ആരും സ്വീകരിക്കാൻ തയാറായില്ല. 50 ലക്ഷം അടിസ്ഥാന വിലയിട്ടാണ് പത്താനെ ലേലത്തിന് അവതരിപ്പിച്ചിരുന്നത്.