മുംബൈ: എക്കാലവും നടനായിരുന്നയാള്, ഒരിക്കലും താരമാകാത്തയാള്-ഇര്ഫാന് ഖാനെക്കുറിച്ച് ഇങ്ങനെ പറയാം. ഹിന്ദിസിനിമയിലെ നായകസങ്കല്പത്തിനു ചേരുന്ന ശരീരമോ മുഖമോ ഉണ്ടായിരുന്ന ആളായിരുന്നില്ല ഇര്ഫാന്.
എന്നാല്‍, അസാധാരണമായ അഭിനയശേഷികൊണ്ട് ഇര്ഫാന് ബോളിവുഡ് കീഴടക്കി, ഹോളിവുഡില്‍ ഇന്ത്യയുടെ യശസുയര്‍ത്തി. നസറുദ്ദീന്‍ ഷായ്ക്കും ഓംപുരിക്കും ശേഷം ഹോളിവുഡില്‍ ഇന്ത്യയുടെ മുഖമായിരുന്നു ഇര്ഫാന്.
ഹോളിവുഡിലെ പണംവാരിപ്പടങ്ങളായ സ്പൈഡര്മാന്, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്‍ഡ് എന്നിവ ഇതിന് ഉദാഹരണങ്ങളായി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മുസ്ലിം പഷ്തുണ്‍ കുടുംബത്തില്‍ 1967ലായിരുന്നു ഇര്‍ഫാന്റെ ജനനം.
ക്രിക്കറ്റ് കളിക്കാരനാകാനായിരുന്നു ഇര്‍ഫാന്റെ ആഗ്രഹം. എന്നാല്‍ ഉന്നതകുലജാതനും ബിസിനസുകാരനുമായ പിതാവിന് മകനെ ബിസിനസ് ഏല്‍പ്പിക്കാനായിരുന്നു താത്പര്യം. കലയുടേതാണു തന്റെ വഴിയെന്ന് ഇര്ഫാന് തിരിച്ചറിഞ്ഞു.
നസറുദ്ദീന്‍ ഷാ, ഓം പുരി തുടങ്ങിയ പ്രതിഭാധനന്മാരെക്കുറിച്ച് കേട്ടറിഞ്ഞ ഇര്ഫാന് 1984ല്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ(എന്‍എസ്ഡി)യില്‍ ചേര്‍ന്നു. നാടകങ്ങളില്‍ അഭിനയിച്ചു പരിചയമുണ്ടെന്ന കള്ളം എന്‍എസ്ഡിയില്‍ ഇര്ഫാന് പ്രവേശനം എളുപ്പമാക്കി.
സ്കോളര്‍ഷിപ്പോടെയായിരുന്നു പഠനം. അവിടെ സഹപാഠിയായിരുന്ന സുതപ സിക്ദര്‍ പിന്നീട് ഇര്‍ഫാന്റെ ജീവിതപങ്കാളിയായി. സുതപ സിനിമാനിര്‍മാതാവും തിരക്കഥാകൃത്തുമാണ്.
1985-ല്‍ ടിവി ഷോകളിലൂടെ അഭിനയത്തിലെത്തി. ശരദ് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ശ്രീകാന്ത് ആയിരുന്നു ആദ്യ ഷോ.
ഇതിനിടെ 1988-ല്‍ പ്രമുഖ സംവിധായിക മീരാ നായര്‍ സലാം ബോംബെയില്‍ ചെറിയ റോള്‍ നല്കി. എന്നാല്‍ അവസാന മിനുക്കുപണികള്‍ക്കൊടുവില്‍ ഇര്‍ഫാന്റെ റോള്‍ എഡിറ്റ് ചെയ്തു നീക്കി. ഇര്ഫാന് പ്രധാന റോള്‍ നല്‍കാമെന്ന് മീരാ നായര്‍ വാക്കുനല്കി.
16 വര്‍ഷത്തിനു ശേഷമാണ് വാക്കുപാലിക്കപ്പെട്ടത്. മീരയുടെ ‘’ദ നെയിംസേക്ക്’’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം ഇർഫാന്റെ സിനിമാജീവിതത്തിലെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്നായി.
2016ല്‍ ഹോളിവുഡ് ഇതിഹാസനടന്‍ ടോം ഹാങ്കിനൊപ്പം അഭിനയിച്ച ഇര്ഫെര്നോ ആണ് ഇര്‍ഫാന്റെ അവസാന ഹോളിവുഡ് ചിത്രം. പാന്‍സിംഗ് തോമറിലെ അഭിനയം ഇര്‍ഫാനു ദേശീയ പുരസ്കാരം നേടിക്കൊടുത്തു. ഹോമി അദാജനിയുടെ അഗ്രേസി മീഡിയമാണ് ഇന്‍ഫാന്‍ അഭിനയിച്ച അവസാന ചിത്രം.
ഒരാഴ്ചയ്ക്കിടെ കുടുംബത്തിലുണ്ടായ രണ്ടാമത്തെ ദുരന്തമാണ് ഇര്‍ഫാന്റെ മരണം. നാലു ദിവസംമുമ്പാണ് ഇദ്ദേഹത്തിന്റെ അമ്മ സയീദ് ബീഗം(95) ജയ്പുരില്‍ മരിച്ചത്. അമ്മയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇര്‍ഫാനു കഴിഞ്ഞില്ല. ബബില്‍, അയാന് എന്നിവരാണ് ഇര്‍ഫാന്റെ മക്കള്‍.