സ്വന്തം ലേഖകൻ
കണ്ണൂർ: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇരിക്കൂറിൽ എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുവാൻ കണ്ണൂരിൽ ചർച്ച തുടങ്ങി.
യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ നേതൃത്വത്തിലാണ് ചർച്ച. എ ഗ്രൂപ്പ് നേതാക്കളായ കെ.സി. ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, പി.ടി. മാത്യു, എം.പി. മുരളി, തോമസ് വെക്കത്താനം എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
ചർച്ചയ്ക്ക് മുന്നോടിയായി നിലവിലെ ഇരിക്കൂർ മണ്ഡലം സ്ഥാനാർഥി സജീവ് ജോസഫ്,ഹസനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
ഒത്തുതീർപ്പ് ഫോർമുലയുമായിട്ടാണ് എം.എം. ഹസൻ എത്തിയിരിക്കുന്നതെന്നാണു സൂചന. സംസ്ഥാനത്ത് നിലവിൽ പ്രഖ്യാപിക്കുന്ന സീറ്റുകളിൽ ഒന്ന് ഇരിക്കൂറിന് പകരമായി എ ഗ്രൂപ്പിന് കൊടുക്കും.
കല്പറ്റയിൽ ടി. സിദ്ദിഖായിരിക്കും സ്ഥാനാർഥി. കൂടാതെ, കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനവും എ ഗ്രൂപ്പിന് നൽകുമെന്നാണു സൂചന.
കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കൈയിലായിരുന്നു കണ്ണൂർ ഡിസിസി പ്രസിഡന്റ് സ്ഥാനം. നിലവിൽ സതീശൻ പാച്ചേനിയാണ് ഡിസിസി പ്രസിഡന്റ്.
സതീശൻ പാച്ചേനി കണ്ണൂർ മണ്ഡലത്തിൽ ജനവിധി തേടുന്നതിനാൽ ഡിസിസി പ്രസിഡന്റായി എ ഗ്രൂപ്പിൽ നിന്ന് ആരെയെങ്കിലും നിയമിക്കും. എന്നാൽ, ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് കെ. സുധാകരനാണ്.
വിജയസാധ്യതയുള്ള കണ്ണൂർ, ഇരിക്കൂർ, പേരാവൂർ എന്നീ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്ന് വേണമെന്ന ആവശ്യത്തിൽ എ ഗ്രൂപ്പ് ഉറച്ചുനിൽക്കുകയാണ്.
ഇന്നു തന്നെ പ്രശ്നപരിഹാരം കണ്ടെത്തെണമെന്നാണ് ഉമ്മൻചാണ്ടിയുടെ നിർദേശം. ഇന്ന് ഉച്ചകഴിഞ്ഞ് ശ്രീകണ്ഠപുരത്ത് എ ഗ്രൂപ്പ് വിഭാഗം നേതാക്കളുടെ നേതൃത്വത്തിൽ കൺവൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്.
നാളെ പേരാവൂരിലും 19 ന് കണ്ണൂരിലും എ ഗ്രൂപ്പ് നേതാക്കൾ കൺവൻഷൻ വിളിച്ചുചേർത്തിട്ടുണ്ട്.