ലണ്ടൻ: ഇംഗ്ലണ്ടിലെ സ്റ്റോക്ക്-ഓൺ-ട്രെന്റ് നിവാസിയായ ഐറിൻ സ്പ്രോസ്റ്റണ് 100 വയസ് പൂർത്തിയായി. നൂറാം ജന്മദിനം അവർ ആഘോഷിച്ചത് കേക്ക് മുറിച്ചായിരുന്നില്ല.
പകരം തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയമായ ചായ കുടിച്ചുകൊണ്ടായിരുന്നു. തന്റെ ദീർഘായുസിന്റെ രഹസ്യവും ആഘോഷവേളയിൽ ഐറിൻ മുത്തശി വെളിപ്പെടുത്തി.
ഒരു ദിവസം എട്ട് കപ്പ് ചായ വരെ താൻ കുടിക്കുമായിരുന്നുവെന്നു പറഞ്ഞ അവർ ചായ കുടിക്കുന്നത് തന്നെ എപ്പോഴും ഊർജസ്വലയായിരിക്കാനും സന്തോഷവതിയായിരിക്കാനും സഹായിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
താനെപ്പോഴും ആളുകളോട് ദയയോടെ പെരുമാറാൻ ആഗ്രഹിച്ച ആളായിരുന്നു. ആളുകൾ തിരികെ തന്നോടും അങ്ങനെ കാണിച്ചിട്ടുണ്ട്.
ഞാനെപ്പോഴും തിരക്കിലായിരിക്കും. വെറുതെയിരിക്കാൻ താൻ ഇഷ്ടപ്പെട്ടില്ല. ചായക്കൊപ്പം ഇതൊക്കെയായിരിക്കും തന്റെ ദീർഘായുസിന് കാരണം. നൂറ് വയസ് വരെ ജീവിച്ചിരിക്കും എന്ന് താൻ കരുതിയിരുന്നില്ലെന്നും ഐറിൻ പറഞ്ഞു.
ഖനിത്തൊഴിലാളിയായിരുന്ന ഐറിന്റെ ഭർത്താവ് എറിക് 2003ൽ മരിച്ചു. വിവാഹിതയാവുമ്പോൾ 19 വയസായിരുന്നു ഐറിന്റെ പ്രായം. എറിക്കിന് 21 വയസും. നാല് മക്കളും അഞ്ച് പേരക്കുട്ടികളും അവർക്ക് നാല് മക്കളുമുണ്ട്.