ഇരിങ്ങാലക്കുട: ഈസ്റ്റ് കോന്പാറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന കൂനൻ വീട്ടിൽ പോൾസൻ ഭാര്യ ആനീസിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഒരാഴ്ച പിന്നിടുന്പോഴും അന്വേഷണകർ ഇരുട്ടിൽതപ്പുന്നു.കൊലപാതകം നടത്തിയത് പ്രഫഷണൽ സംഘമോ, ഒറ്റയ്ക്കുള്ള അന്യസംസ്ഥാന തൊഴിലാളികളോ എന്ന് പോലീസ് ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല. തെളിവുകൾ ഒന്നും തന്നെ അവശേഷിക്കാതെയാണ് കൃത്യം നടത്തിയിരിക്കുന്നത്. കൊലയാളി വിരലടയാളം പതിയാതിരിക്കുവാൻ അതീവ ജാഗ്രത പാലിച്ചിരുന്നുവെന്നാണ് കരുതുന്നത്. തെളിവുകളുടെ അഭാവമാണ് ഇതിന് തടസമായി നിൽക്കുന്നത്.
പ്രതികൾക്കായുള്ള അന്വേഷണം കൊലക്കുപയോഗിച്ചതായി കരുതുന്ന കത്തി കേന്ദ്രീകരിച്ചും നടക്കുന്നുണ്ട്. ഈ കത്തി ഇരിങ്ങാലക്കുട മാർക്കറ്റിലെ മാംസവ്യാപാര കടയിൽ ഉപയോഗിച്ചിരുന്നതാണെന്നാണ് പോലീസ് കരുതുന്നത്. ഏത് കടയിലെ കത്തിയാണെന്നുള്ളത് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ കത്തിയുമായി ബന്ധപ്പെട്ട യാതൊരു വിവരവും പോലീസ് പുറത്തു വിട്ടിട്ടില്ല. ഈ കത്തി എവിടെ നിന്നാണ് ലഭിച്ചതെന്നു പോലും പോലീസ് വ്യക്തമാക്കുന്നില്ല. ഇത്തരം കാര്യങ്ങൾ പുറത്തായാൽ പ്രതിക്ക് രക്ഷപ്പെടുവാൻ എളുപ്പമാകുമെന്നതിനാലും കേസന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നതിനാലുമാണ് ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം ഉണ്ടാകാത്തത്.
എന്നാൽ ഈ കത്തി തന്നെയാണോ കൊലക്ക് ഉപയോഗിച്ചതെന്ന് കാര്യവും പോലീസിന് ഉറപ്പില്ല. മനക്കരുത്ത് ഉള്ള വ്യക്തികൾക്കാണ് ഇത്തരം കൃത്യങ്ങൾ ചെയ്യുവാൻ സാധിക്കൂ എന്നുള്ളതിനാലുമാണ് മാംസവ്യാപാരശാലയിലെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയിരുന്നത്. എന്നാൽ കൊലപാതക ശ്രമത്തിനിടയിൽ വീട്ടമ്മയ്ക്ക് രക്ഷപ്പെടുവാനുള്ള അവസരം ഇല്ലാതെ പോയതും, യാതൊരു വിധത്തിലുള്ള ബലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ പോലീസിന് കണ്ടെത്താനാവാത്ത തും ഈ വീടുമായി വളരെയധികം പരിചയമുള്ള വ്യക്തിയാണ് കൊല പാതകത്തിനു പിന്നിലെന്നാണ് പോലീസിന്റെ സംശയം.
സംശയം തോന്നാത്ത വിധത്തിൽ വീടിനകത്തേക്കു കയറുവാനും കൃത്യം നടത്തിയ ശേഷം ആഭരണങ്ങളുമായി എളുപ്പത്തിൽ പുറത്തേക്കിറങ്ങി രക്ഷപ്പെടുവാനും സാധിക്കണമെങ്കിൽ വീടും പരിസരവും വീട്ടുകാരെയും കുറിച്ച് വ്യക്തമായ അറിവുണ്ടെങ്കിലേ സാധിക്കൂ. മോഷണം മാത്രമാണ് ലക്ഷ്യമെങ്കിൽ കഴുത്തിലെ മാലയും കമ്മലും നഷ്ടപ്പെട്ടീട്ടില്ല എന്നുള്ളതും പോലീസിനെ കുഴക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനക്കാരായ 400 പേരുടെ വിവരം ശേഖരിച്ചു. ഇവരുടെ ഫോണുകളും പരിശോധിച്ചെങ്കിലും പോലീസിന് പ്രത്യേക തുന്പൊന്നും കിട്ടിയിട്ടില്ല.
ബന്ധുക്കളുടെയും കൊല്ലപ്പെട്ട സ്ത്രീയുമായി പരിചയമുണ്ടായിരുന്നവരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചുവരികയാണ്. ഇരിങ്ങാലക്കുട, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ സ്വർണം പണയം വെക്കുന്നിടങ്ങളിൽ പോലീസ് നേരിട്ടെത്തി പരിശോധനകൾ നടത്തുന്നുണ്ട്. കൊലപാതകത്തിനു ശേഷം ഈ വീടുമായി ബന്ധപ്പെടുന്നവരേയും അവരുടെ പെരുമാറ്റത്തിലുള്ള വൈകല്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മോഷണം പോയ ആഭരണങ്ങളെ കുറിച്ചറിയുന്നതിനായി പോലീസ് നോട്ടീസ് പുറത്തിറക്കി. ഇരിങ്ങാലക്കുട സിഐ പി.ആർ. ബിജോയ് പോലീസ് ആക്റ്റ് 54 പ്രകാരം നോട്ടീസ് നൽകിയിരിക്കുന്നത്. ആഭരണങ്ങൾ പണയപ്പെടുത്തുവാനോ വിൽക്കുന്നതിനോ ആരെങ്കിലും എത്തിയാൽ അറിയിക്കണമെന്നാണ് നിർദേശം.