സി.ആര്. സന്തോഷ്
ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളായ ആര്യനും അമൃതയും അക്ഷരമുറ്റത്തേക്ക്. കുട്ടികളുടെ സുരക്ഷിത വിദ്യാഭ്യാസവും താമസവും പോലീസിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട്ട് ആരംഭിച്ചു. പാലക്കാട്ടെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം കുട്ടികളുടെ എല്‍കെജി മുതല്‍ ഉന്നതതലം വരെയുള്ള പഠനം സ്പോണ്സര് ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഈ സ്ഥാപനം അന്ന് കേസന്വേഷണത്തിന് മുഖ്യപങ്കു വഹിച്ച ഇപ്പോഴത്തെ ന്യൂമാഹി എസ്ഐ എസ്. അന്‍ഷാദിന്റെ ആവശ്യം സഫലമാക്കുകയായിരുന്നു.
പേര് വെളിപ്പെടുത്താതെ കുട്ടികളുടെ മുഴുവന്‍ ചെലവുകളും താമസവും ഈ സ്കൂള്‍ ഏറ്റെടുത്തു. കഴിഞ്ഞ ജനുവരി 15നാണ് ഇരിട്ടി പഴയപാലം റോഡിൽ കര്‍ണാടക മാണ്ഡ്യ സ്വദേശിനി ശോഭ (25 )യെ കഴുത്തു ഞെരിച്ച് ബോധംകെടുത്തിയ ശേഷം പൊട്ടക്കിണറ്റിലിട്ട് കൊലപ്പെടുത്തിയത്.
സംഭവത്തിൽ ശോഭയുടെ സഹോദരീ ഭര്‍ത്താവ് തുംകൂര്‍ സ്വദേശി മഞ്ജുനാഥി (45)നെ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശോഭയുടെ കൊലപാതകം നടന്നതിനു തൊട്ടടുത്ത ദിവസം രാവിലെ പ്രതി മഞ്ജുനാഥ് ശോഭയുടെ ആറു വയസുള്ള മകന് ആര്യനെയും നാലു വയസുള്ള മകള്‍ അമൃതയെയുംകൂട്ടി ഇരിട്ടി ബസ്സ്റ്റാൻഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതിനെത്തുടര്‍ന്ന് ഈ കുട്ടികളെയും കൊലപ്പെടുത്തിയെന്നാണ് പോലീസ് കരുതിയതെങ്കിലും പിന്നീട് മുംബൈയില്‍നിന്ന് കുട്ടികളെ കണ്ടെത്തി ഇരിട്ടിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം പാണ്ടിക്കാടുള്ള കുട്ടിയുടെ പിതൃസഹോദരി കാവ്യ കുട്ടികളെ ഏറ്റെടുത്ത് കൊണ്ടുപോകുകയായിരുന്നു.
ഇതിനിടെ കുട്ടികളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ടിരുന്ന എസ്ഐ അന്‍ഷാദ് വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കുകയായിരുന്നു. ആര്യന് യുകെജിയിലും അമൃത എല്‍കെജിയിലുമാണ് സിബിഎസ്ഇ സിലബസില്‍ പഠനം ആരംഭിച്ചിട്ടുള്ളത്. അന്‍ഷാദും ഭാര്യ സുനന്നയും മകന് റോയലും കുട്ടികളെ സ്കൂളിലെത്തി കണ്ട് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും സമ്മാനിച്ചു.