ഇരിട്ടി: ഇരിട്ടി ടൗൺ പ്രദേശം വീണ്ടും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം. ഇരിട്ടിയില്‍ കോവിഡ് സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടെങ്കില്‍ അതേക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതർ തയാറാകണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു.
അല്ലാതെ അപ്രതീക്ഷിതമായി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് ബസ്സ്റ്റാൻഡും വ്യാപാരസ്ഥാപനങ്ങളും അടച്ചിടുകയല്ല വേണ്ടത്. അയ്യന്‍കുന്ന് പഞ്ചായത്തിലെ എടപ്പുഴയിലും ഇത്തരത്തില്‍ കോവിഡ് രോഗത്തിന്റെ പേരിൽ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച് നാലു വാർഡുകളിലെ ജനത്തെ ദുരിതത്തിലാക്കി.
ഒടുവില്‍ രോഗമുണ്ടെന്നു പറഞ്ഞ ആദിവാസി സ്ത്രീക്ക് രോഗമില്ലെന്നു മാത്രമല്ല ലാബ് റിപ്പോര്‍ട്ടിലെ പിഴവാണ് ഇത്തരത്തില്‍ സംഭവിക്കാനിടയായതെന്ന ആരോപണവുമുണ്ടായി. രോഗി ആശുപത്രി വിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അയ്യന്‍കുന്ന് പഞ്ചായത്ത് ഹോട്ട് സ്പോട്ടില്‍നിന്ന് വിമുക്തമാക്കാന്‍ നടപടിയുണ്ടായിട്ടില്ല.
pഇത്തരം തലതിരിഞ്ഞ നടപടി കാരണം ജനം കടുത്ത ദുരിതത്തിലാണ്. പയഞ്ചേരിമുക്കില്‍ വിദേശത്തുനിന്നെത്തിയയാൾക്ക് ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിന് ഇന്നലെ ഇരിട്ടി ടൗൺ ഹോട്ട് സ്പോട്ടാക്കിയത് എന്തിനെന്ന് അധികൃതര്‍ വിശദീകരിക്കണം.
ഉളിക്കല്‍, കൂട്ടുപുഴ, കീഴ്പള്ളി, കരിക്കോട്ടക്കരി, പേരാവൂര്‍ മേഖലയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തി ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും തോമസ് വര്‍ഗീസ് ആവശ്യപ്പെട്ടു.
ഇരിട്ടി നഗരം ഉള്‍പ്പെടുന്ന നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ഹോട്ട് സ്പോട്ടാക്കി സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനിടയാക്കിയ സംഭവത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ തയാറാകണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കും വ്യാപാരികള്ക്കുമുണ്ടായിരിക്കുന്ന ആശങ്കയകറ്റാന്‍ അധികൃതര്‍ തയാറാകണമെന്ന് മണ്ഡലം പ്രസിഡന്റ് എം. ആര്. സുരേഷ്, ഭാരവാഹികളായ പ്രിജേഷ് അളോറ, സത്യന് കൊമ്മേരി, എന്‍.വി. ഗിരീഷ്, അജി നടുവനാട് എന്നിവര്‍ ആവശ്യപ്പെട്ടു.