ഇലഞ്ഞി: അയർലൻഡിലെ കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട കൂത്താട്ടുകുളം ഇലഞ്ഞി സ്വദേശിയായ യുവാവ് മരിച്ചു. ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരിച്ചത്.
ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടിലെത്താൻ വിമാന ടിക്കറ്റെടുത്തിരുന്നു. കിൽക്കെനിയിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു.
നാട്ടിൽ പോകുന്നതിന് മുൻപ് ജോലി ചെയ്യുന്ന റസ്റ്ററന്റിൽ പോകാനായി കാർ ഓടിച്ച് രാവിലെ 8.30 ഓടെ കിൽക്കെനി ടൗണിൽ എത്തുകയും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടൗണിലെ ഒരു കടയുടെ മതിലിൽ ഇടിച്ചു നിന്നു.
പാരാമെഡിക്സ് സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാർ ഓടിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് വർഷം മുൻപാണ് അനീഷ് അയർലൻഡിൽ എത്തുന്നത്.
കിൽക്കെനി സെന്റ് ലൂക്ക്സ് ജനറൽ ഹോസ്പിറ്റലിൽ നഴ്സായ ജ്യോതിയാണ് ഭാര്യ. ശിവാന്യ (എട്ട്), സാദ്വിക് (10 മാസം) എന്നിവരാണ് മക്കൾ. ശാന്ത ശ്രീധരനാണ് അനീഷിന്റെ മാതാവ്. മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കും. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.