കാഞ്ഞിരപ്പള്ളി: ഓൺലൈനിൽ തേപ്പുപെട്ടിക്കായി ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് പഴയ കേടായ തേപ്പുപെട്ടി. എരുമേലി സ്വദേശി രതീഷ് സുഹൃത്തായ കാഞ്ഞിരപ്പള്ളിയിൽ ജോലി ചെയ്യുന്ന പ്രവീൺ വഴി ഓർഡർ ചെയ്ത പുതിയ തേപ്പുപെട്ടിക്ക് പകരമായിട്ടാണ് പഴകിയത് ലഭിച്ചത്.
തുരുമ്പെടുത്തതും വയറുകൾപൊട്ടിയതും സ്റ്റിക്കർ ഒട്ടിച്ച് കേടുപാടുകൾ മറച്ച നിലയിലുള്ള തേപ്പുപെട്ടിയാണ് ലഭിച്ചത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്പ്കാർട്ടിലൂടെ കഴിഞ്ഞ നാലിനാണ് പ്രവീൺ ഓർഡർ ചെയ്തത്.
പഴകിയ ഈ തേപ്പ് പെട്ടിക്ക് 217 രൂപ ജിഎസ്ടി ഉൾപ്പടെ 1515 രൂപയാണ് ഇടാക്കിയത്. തേപ്പുപെട്ടിക്കൊപ്പം ഒരു വർഷത്തെ ഗ്യാരണ്ടി കാർഡും ലഭിച്ചിരുന്നു. തിങ്കളാഴ്ച്ച ലഭിച്ച തേപ്പുപെട്ടി വീട്ടിലെത്തി പൊട്ടിച്ചു നോക്കിയപ്പോഴാണ് പഴകിയ തേപ്പുപെട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. ഇതെ തുടർന്ന് ഫ്ളിപ്പ്കാർട്ടുമായി ബന്ധപ്പെട്ടപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് ഫ്ളിപ്പ്കാർട്ട് ജീവനക്കാർ അറിയിച്ചതായി പ്രവീൺ പറഞ്ഞു.