അരീക്കോട്: സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കു മൂകസാക്ഷ്യം വഹിച്ച കടുങ്ങല്ലൂരിലെ ബ്രിട്ടിഷ് നിർമിത ഇരുന്പ് പാലം ചരിത്ര സ്മാരകമാകേണ്ടതിനു പകരം അവഗണനയുടെ ബാക്കിപത്രമായി തകർച്ച നേരിടുന്നു. ബ്രിട്ടിഷ് ഇന്ത്യയിലെ ചെറിയ നിർമിതികൾ പോലും ചരിത്രാവശേഷിപ്പുകളായി സംരക്ഷിക്കപ്പെടുന്പോൾ മികവുറ്റ എൻജിനീയറിങ്ങിന്റെയും നിർമാണ വൈഭവത്തിന്റെയും ഉദാത്ത മാതൃകയായ കടുങ്ങല്ലൂർ ഇരുന്പ് പാലം അവഗണന പേറുകയാണ്.
നിലന്പൂരിൽ നിന്നുള്ള ചരക്കു ഗതാഗതത്തിനും മലബാർ സ്പെഷൽ പോലീസിന്റെ ക്യാന്പ് അരീക്കോട് ഉണ്ടെന്നുള്ള നിലയ്ക്കുമാണ് വീതിയേറിയ കടുങ്ങല്ലൂർ തോടിനു കുറുകെ 1939 ൽ തദ്ദേശവാസികളുടെ സഹായത്തോടെ ബ്രിട്ടീഷ് ഗവണ്മെന്റ് ഫറോക്ക് മാതൃകയിൽ ഈ പാലം പണിതത്. അണക്കെട്ട് നിർമാണത്തിനു പണ്ടുകാലത്ത് നിർമിച്ചിരുന്ന സാങ്കേതികരീതി ഇവിടെയും പ്രയോഗിച്ചിട്ടുണ്ട്.
ചുണ്ണാന്പും ശർക്കരയും ചെങ്കല്ലിന്റെ പൊടിയും കൂട്ടിക്കലർത്തിയ മിശ്രിതം ഒഴിച്ചാണത്രെ പാലത്തിന്റെ തൂണുകളുടെയും പാർശ്വഭാഗങ്ങളുടെയും നിർമാണം. അതുകൊണ്ടു തന്നെ കല്ലുകൾ വേറിട്ടു അടർന്നു പോകുന്ന പതിവ് കാഴ്ച 70 ആണ്ടിന്റെ പഴക്കമുണ്ടായിട്ടും ഇതിൽ കാണുന്നില്ല. അരീക്കോട് – തിരൂരങ്ങാടി സംസ്ഥാനപാതയിൽ അരീക്കോട് പഞ്ചായത്തിന്റെയും കുഴിമണ്ണ പഞ്ചായത്തിന്റെയും അതിർത്തിയിലാണ് കടുങ്ങല്ലൂർ ഇരുന്പ് പാലം സ്ഥിതി ചെയ്യുന്നത്.
2008 ൽ പഴയപാലത്തിനു സമാന്തരമായി പുതിയ പാലം വന്നതോടെ വാഹന ഗതാഗതം പഴയ പാലത്തിലൂടെ ഇപ്പോഴില്ല. ആ നിലയ്ക്ക് ഈ ഇരുന്പുപാലം അറ്റകുറ്റപ്പണികൾ ചെയ്ത് സംരക്ഷിക്കണമെന്നാവശ്യം. പെയിന്റിങ്ങ് പോലും നടത്താതെ ഇരുന്പ് മുഴുവൻ തുരുന്പെടുത്തു പോകുന്ന പാലത്തിന്റെ നിലവിലെ അവസ്ഥ ചരിത്ര ബോധമുള്ളവർക്കു വേദന നൽകുന്ന കാഴ്ചയാണ്. ജനപ്രതിനിധികളുടെ ഭാഗത്തു നിന്നു ഇടപെടലുകൾ ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.