പേരൂര്‍ക്കട: ഇസ്തിരിയിടല്‍ മേഖലയില്‍ തമിഴ്നാട്ടുകാരായ തൊഴിലാളികള്‍ കേരളത്തില്‍ സജീവമാകുന്നു. കഴിഞ്ഞ രണ്ടു വര്ഷത്തിനിടയ്ക്കാണ് വസ്ത്രങ്ങള്‍ ഇസ്തിരിയിടുന്ന ജോലിയുമായി തമിഴ്നാട്ടുകാര്‍ കടന്നുവന്നിരിക്കുന്നത്. മുമ്പ് കപ്പലണ്ടിക്കച്ചവടവും മറ്റുമായിരുന്നു ഇവരുടെ ജീവനോപാധി.
എന്നാല്‍ ഇപ്പോള്‍ ഇസ്തിരിവണ്ടികളുമായി സഞ്ചരിക്കുന്നവരും വീടുകളുടെ ചെറിയൊരു ഭാഗം വാടകയ്ക്കെടുത്ത് ഇസ്തിരിക്കടയായി ഉപയോഗിക്കുന്നവരും വര്‍ധിച്ചുവരുന്നുണ്ട്.
മലയാളികളുടെ തിരക്കുപിടിച്ച ജീവിതമാണ് തമിഴ്നാട്ടുകാരായ തൊഴിലാളികളുടെ വരവിന് കാരണമായിരിക്കുന്നത്. ഇന്നു വീടുകളില്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ഇസ്തിരിയിടുന്ന മലയാളികള്‍ തുലോം കുറവാണ്.
പുറത്ത് ഇസ്തിരിയിടാന്‍ കൊടുക്കുമ്പോഴുള്ള സമയലാഭവും പണലാഭവവുമാണ് ഇതിനു കാരണം. പച്ചക്കറി സ്റ്റാളുകള്‍പോലെ തമിഴര്‍ ഈ മേഖലയില്‍ കൂടുതലായി കടന്നുവരുന്നുണ്ട്.
ഭൂരിഭാഗം പേരും ഒരുമാസവും ഒന്നരമാസവും ജോലിയെടുത്തശേഷം കുറച്ചുദിവസത്തേക്ക് ഇതില്‍നിന്നു വിടുതല്‍ തേടി പോകുന്നവരാണ്.
മലയാളികള്‍ക്ക് ഇവരുടെ മേല്‍ വിശ്വാസ്യതയും കൂടുതലാണ്. വീടുകളില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിച്ചശേഷം ഇസ്തിരിയിട്ട് തിരികെക്കൊണ്ടു കൊടുക്കുന്നവരുണ്ട്.
വളരെ കുറഞ്ഞ കൂലിയാണ് ഇവര്‍ വാങ്ങിവരുന്നത്. ഇസ്തിരിയിടല്‍ രംഗത്ത് തമിഴ് സ്ത്രീകളുമുണ്ട്. തിരുവനന്തപുരം ജില്ലയുടെ ഉള്‍ഗ്രാമങ്ങളില്‍ ഇത്തരം സ്ത്രീത്തൊഴിലാളികളെ കാണാനാകും.