ചെന്നൈ: സഹപാഠികൾക്കൊപ്പം “ട്രൂത്ത് ഓർ ഡെയർ’ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥിക്ക് ദാരുണാന്ത്യം.
ഏറ്റവും കൂടുതൽ അയൺ ടാബ്ലെറ്റുകൾ കഴിക്കുന്ന വ്യക്തിയാകാനുള്ള മത്സരത്തിനിടെയാണ് ഊട്ടി സ്വദേശിയായ വിദ്യാർഥിനി മരിച്ചത്.
ഊട്ടി കാൻഡൽ മേഖലയിലെ മുനിസിപ്പൽ ഉർദു മിഡിൽ സ്കൂൾ വിദ്യാർഥിയായ ജൈബ ഫാത്തിമ(13) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്.
സ്കൂളിലെ പ്രധാനാധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന അയൺ ടാബ്ലെറ്റുകൾ കണ്ടെത്തിയ കുട്ടികൾ, ഏറ്റവും കൂടുതൽ എണ്ണം കഴിക്കുന്നത് ആരാകുമെന്നറിയാൻ പരസ്പരം വെല്ലുവിളിച്ചു.
മത്സരത്തിൽ പങ്കെടുത്ത ആൺകുട്ടികൾ രണ്ട് ഗുളികകൾ വീതം കഴിച്ച ശേഷം പിന്മാറിയപ്പോൾ, ഫാത്തിമയുടെ സുഹൃത്തുക്കളായ പെൺകുട്ടികൾ പത്ത് ഗുളികകൾ വീതം കഴിച്ചു.
ഇവരെ പരാജയപ്പെടുത്താനായി മൂന്ന് സ്ട്രിപ്പുകളിൽ നിന്ന് 15 ഗുളികകൾ വീതം എടുത്ത് കഴിച്ച ഫാത്തിമ ഉടൻതന്നെ ബോധരഹിതയായി.
സംഭവമറിഞ്ഞ അധ്യാപകർ ഫാത്തിമയെയും മറ്റ് കുട്ടികളെയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായ ഫാത്തിമയെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റ മറ്റ് കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല.