അര്‍ധരാത്രി ആയുധധാരികളായെത്തിയ ഭീകരരെ ഒറ്റയ്ക്ക് നേരിട്ട് തോല്‍പ്പിച്ചു! സൈനികര്‍ക്കല്ലാതെ അപൂര്‍വമായി മാത്രം നല്‍കി വരുന്ന ശൗര്യചക്ര നല്‍കി പതിനാറുകാരന് രാജ്യത്തിന്റെ ആദരം

ഇത്തവണ ധീരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചപ്പോള്‍ രാജ്യം പ്രത്യേകം ശ്രദ്ധിച്ച ഒരു മുഖമാണ്, ശൗര്യചക്ര പുരസ്‌കാരം നേടിയ ഷോപ്പിയാന്‍ സ്വദേശി ഇര്‍ഫാന്‍ റംസാന്‍ ഷെയ്ഖിന്റേത്. കൗമാരക്കാരനായ ഈ ആണ്‍കുട്ടി എങ്ങനെയാണ് ഈ ചെറിപ്രായത്തില്‍ ശൗര്യചക്ര അവാര്‍ഡ് സ്വന്തമാക്കിയതെന്നായിരുന്നു പലരുടെയും ചോദ്യം. പൊതുവെ സൈനികര്‍ക്ക് നല്‍കിവരുന്ന ഈ പുരസ്‌കാരം ഈ കുട്ടിയ്ക്ക് നല്‍കിയതിലും ആളുകള്‍ സംശയിച്ചു.

എന്നാല്‍ അപകടകാരികളായ കാഷ്മീരി തീവ്രവാദികളെ ഒറ്റയ്ക്ക്, ധീരതയോടെ നേരിട്ട് പരാജയപ്പെടുത്തിയതിനാണ് പുരസ്‌കാരം എന്ന് മനസിലാക്കിയപ്പോള്‍ ആളുകള്‍ക്ക് ബഹുമാനമാണ് പിന്നീട് ഇര്‍ഫാനോട് തോന്നിയത്.

2017 ഒക്ടോബറിലായിരുന്നു സംഭവം. ഒക്ടോബര്‍ 16 നു രാത്രി വാതിലില്‍ തുടരെ തുടരെ മുട്ടുന്നത് കേട്ടാണ് ഇര്‍ഫാന്‍ റംസാന്‍ ഉണര്‍ന്നത്. പൊതുപ്രവര്‍ത്തകനായ അച്ഛന്‍ റംസാന്‍ ഷെയ്ഖിനെ കാണാന്‍ ആരെങ്കിലും അത്യാവശ്യമായി വന്നതായിരിക്കുമെന്നാണവന്‍ കരുതിയത്.

വാതില്‍ തുറന്നപ്പോള്‍ ആയുധധാരികളായ ഭീകരരെയാണ് കണ്ടത്. അപകടം മണത്ത ഇര്‍ഫാന്‍ ഭീകരര്‍ അകത്തേക്ക് കയറാതെ തടഞ്ഞു. അച്ഛനാണ് ലക്ഷ്യമെന്ന് മനസിലാക്കിയതോടെ തോക്ക് ധാരികളോട് ധൈര്യപൂര്‍വ്വം ഇര്‍ഫാന്‍ പോരാടി. അപ്പോഴേക്കും മകനെ സഹായിക്കാന്‍ അച്ഛനും എത്തി. സംഘര്‍ഷത്തിനിടെ ഭീകരര്‍ വെടിവെച്ചെങ്കിലും പിടിവലിക്കിടെ വെടികൊണ്ടത് സംഘാംഗത്തിനു തന്നെയായിരുന്നു.

കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ഭീകരരെ നേരിട്ടതോടെ നില്‍ക്കക്കള്ളിയില്ലാതെ പരിക്കേറ്റയാളെ ഉപേക്ഷിച്ച് ഭീകരര്‍ ജീവനും കൊണ്ടോടി. പരിക്കേറ്റ ഭീകരന്‍ അപ്പോഴേക്കും മരിച്ചു. ഇര്‍ഫാന്റെ പിതാവ് റംസാന്‍ ഷേഖിനു പരിക്കേറ്റു. ഇര്‍ഫാനും സംഘട്ടനത്തില്‍ പരിക്കേറ്റിരുന്നു. ഇര്‍ഫാന്റെ പിതാവ് പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.

ഭീകരരെ പ്രതിരോധിച്ച ഇര്‍ഫാന്‍ നാടിന്റെ ഹീറോയായി. അങ്ങനെയാണ് ശൗര്യചക്രയും ഇര്‍ഫാനെ തേടിയെത്തിയത്. പൊതുവെ സൈനികര്‍ക്ക് നല്‍കുന്ന ശൗര്യചക്ര അസാധാരണമായ ധീരത പ്രകടിപ്പിക്കുന്ന സിവിലിയന്മാര്‍ക്കും നല്‍കാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ അസമാന്യധീരതയും പക്വതയുണാണ് ഇര്‍ഫാന്‍ പ്രകടിപ്പിച്ചതെന്ന് മെഡലിനൊപ്പമുള്ള ഫലകത്തില്‍ പറയുന്നു. ഐപിഎസ് ഓഫീസറാകുക എന്നതാണ് ഇര്‍ഫാന്‍ സ്വപ്‌നം കാണുന്നത്. ഇപ്പോള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍.

Related posts