25 വർഷം എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവല്ല. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതിയോളം വരും എന്റെ സിനിമാജീവിതവും. പക്ഷേ തുടക്കകാലത്ത് ആൾക്കൂട്ടത്തിലൊരാളായും മറ്റും ചെറിയ വേഷങ്ങളായിരുന്നു.
പിന്നെ പതിയെപ്പതിയെ ഒന്നോ രണ്ടോ ഡയലോഗുകൾ ലഭിക്കാൻ തുടങ്ങി. പക്ഷേ ഓരോ വേഷങ്ങൾക്കുമിടയിൽ നീണ്ട ഇടവേളകളുണ്ടായിരുന്നു. പാഠം ഒന്ന് ഒരു വിലാപത്തിൽ മീരാ ജാസ്മിന്റെ നായകനായി അഭിനയിച്ചെങ്കിലും പിന്നീട് ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല.
പതുക്കെ ഒരു തരം മടുപ്പ് എന്നെ ബാധിച്ചുതുടങ്ങി. അങ്ങനെയാണ് സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. എട്ടു വർഷം സീരിയൽ മാത്രമായിരുന്നു എന്റെ ലോകം.
പക്ഷേ അപ്പോഴും സീരിയൽരംഗത്തെ എന്റെ നല്ല സുഹൃത്തുക്കൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു, നീ സിനിമയിൽ പോകേണ്ട ആളാണ്. സീരിയൽ അല്ല നിന്റെ ലോകമെന്ന്. പിന്നീട് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിലൂടെ വീണ്ടും ഇൻഡസ്ട്രിയിലേക്കു തിരികെവന്നു. –ഇർഷാദ്