ചങ്ങരംകുളം: ആറു മാസം മുമ്പ് പന്താവൂരില്‍നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ച പ്രതികളുമായി അന്വേഷണ സംഘം ഇന്നു രാവിലെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
സംഭവത്തില്‍ പിടിയിലായ വട്ടംകുളം സ്വദേശികളായ അധികാരത്ത്പടി സുഭാഷ് സുബ്രഹ്മണ്യന്റെ മകന് സുഭാഷ് (35), മേനോന്‍പറമ്പില്‍ വേലായുധന്റെ മകന് എബിന്(28)എന്നിവരുമായാണ് മൃതദേഹം ഉപേക്ഷിച്ച പൂക്കരത്തറ ടൗണിലെ കെട്ടിടത്തിന് പ പിറകിലുള്ള പൊട്ടക്കിണറിന് സമീപം തെളിവെടുപ്പിന് എത്തിയത്.
എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന് ഇർഷാദി (25) നെയാണ് 2020 ജൂൺ 11 ന് രാത്രി 9 ന് ശേഷം വീട്ടിൽ നിന്ന് കാണാതായത്.
രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞും വിവരം ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു.
പുതിയ മൊബൈല്‍ ഫോൺ വിലകുറച്ച് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നാട്ടുകാരായ പല സുഹൃത്തുക്കളില്‍ നിന്ന് പണം സ്വരൂപിച്ച ശേഷം യുവാവിനെ കാണാതായത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.
ഇതിനിടെ ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് കാണിച്ച് ഇര്‍ഷാദിന്റെ കുടുംബം മലപ്പുറം പോലീസ് മേധാവി, കളക്ടര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം ആറ് മാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ ഉപേക്ഷിച്ചതാണെന്ന് കണ്ടെത്തിയത്.
കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹവിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇര്‍ഷാദില്‍നിന്ന് പ്രതികളായ സുഭാഷ് ,എബിന് എന്നിവര്‍ ലക്ഷങ്ങള്‍ കൈക്കലാക്കുകയും പിന്നീട് പണം തിരികെ ചോദിച്ചപ്പോള്‍ എടപ്പാളിലെ ക്വാർട്ടേഴ്സില്‍ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയും ചെയ്തെന്നാണ് പ്രതികളുടെ മൊഴി.
പിന്നീട് രാത്രിയോടെ ടൗണിലെ കെട്ടിടത്തിന് പിറകിലെ ഒഴിഞ്ഞ കിണറ്റില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതേക്കുറിച്ചു കൂടുതൽ വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ഇന്നു വെളിപ്പെടുത്തും.