കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്നു ചിലര്‍ കുടുംബസമേതം ഐഎസില്‍ ചേര്‍ന്നതായുള്ള വിവരങ്ങളെത്തുടര്‍ന്ന് നാട്ടില്‍ കടുത്ത ആശങ്ക. ഭീകരസംഘടനയായ ഐഎസില്‍ കാസര്‍ഗോഡ് ജില്ലയില്‍നിന്ന് 15 പേര് ചേര്‍ന്നതായാണു വിവരം ലഭിച്ചിട്ടുള്ളത്. നാട്ടിലെ അറിയപ്പെടുന്നവരും സുഹൃത്ത് ബന്ധമുള്ളവരുമായവര് എങ്ങനെ ഐഎസില്‍ എത്തിയെന്ന ആശങ്കയിലാണു നാട്ടുകാരും ബന്ധുക്കളും. എന്നാല്‍ കാസര്‍ഗോഡുനിന്നു കൂടുതല്‍ പേര് ഐഎസില്‍ ചേര്‍ന്നതായുള്ള സൂചനകളെത്തുടര്‍ന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് എന്‍ഐഎയും അന്വേഷണം തുടങ്ങിയതായാണു സൂചന.
കുറച്ചു നാളുകളായി ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍നിന്നു കാണാതായ 15 പേരെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ അഞ്ച് സ്ത്രീകളുള്‍പ്പെടുന്ന 15 പേരാണ് വിവിധ കാരണങ്ങള്‍ പറഞ്ഞു രണ്ടു മാസം മുമ്പ് നാട്ടില്‍നിന്നു പോയത്. രണ്ടു പേര് കുടുംബസമേതവും മറ്റുള്ളവര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണു ശ്രീലങ്ക, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കു പുറപ്പെട്ടതെന്നാണു രഹസ്യാന്വേഷണ വിഭാഗം നല്കുന്ന വിവരങ്ങള്‍. പത്തു ദിവസം മുമ്പ് ഇവരുടെ രക്ഷിതാക്കള്‍ക്കു സോഷ്യല്‍ മീഡിയ വഴി ലഭിച്ച സന്ദേശമാണ് ഇവര്‍ ഭീകര സംഘടനയില്‍ ഇടംനേടിയതു സംബന്ധിച്ച സൂചന നല്‍കിയത്. സിറിയ, ഇസ്രയേല്‍, ഇറാക്ക്, തുര്‍ക്കി എന്നീ രാജ്യങ്ങളിലായാണു സംഘമുള്ളതെന്നു ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.
അതേസമയം, പാലക്കാട്ട് നിന്നു എട്ടുമാസം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിനു പിന്നില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ മാതാവ്. മണക്കാട് സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയെയും പാലക്കാട് സ്വദേശി ഈസയേയും കാണാതായ സംഭവത്തിലാണ് മാതാവ് ബിന്ദു ദുരൂഹത ആരോപിക്കുന്നത്. കാസര്‍ഗോഡ് പഠിക്കുകയായിരുന്ന “നിമിഷ’ മതം മാറി ഫാത്തിമ എന്ന പേരു സ്വീകരിച്ചശേഷമാണ് ഈസയെ(ബെക്സന്‍ വിന്‍സന്റ്) വിവാഹം ചെയ്യുന്നത്.
ഭീകരസംഘടനയായ ഐഎസില്‍ കാസര്‍ഗോഡ് സ്വദേശികള്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് കാണാതായ മകള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുള്ളതായി സംശയിക്കുന്നെന്ന് ആരോപിച്ച് ബിന്ദു രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസിനു പരാതി നല്‍കിയെങ്കിലും ഒരു സഹായവും ലഭിച്ചില്ല. കഴിഞ്ഞ ജൂണ്‍ നാലിനുശേഷം മകളുടെ യാതൊരു വിവരമില്ലെന്നും ബിന്ദു പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബിന്ദുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്.
ഇനി ദൈവിക ലോകത്താണന്നും ഞങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടന്നും ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വിവരിക്കുന്നു. സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ കഴിഞ്ഞ ദിവസം പി കരുണാകരന് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ കണ്ടിരുന്നു. എംപിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മുഖ്യമന്ത്രിയെ കണ്ടാണ് ഇവരുടെ ഐഎസ് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കിയിരിക്കുന്നത്.
സമാനമായി പാലക്കാട് ജില്ലയില്‍നിന്ന് ഇത്തരത്തില്‍ ദമ്പതികളടക്കമുള്ളവരെ കാണാതായിട്ടുണ്ട്. ഇവരില്‍ ഡോക്ടര്‍മാരും എന്ജിനിയറുമുണ്ടെന്നും സൂചനയുണ്ട്. കാസര്‍ഗോഡ് പടന്നയില്നിന്നു കാണാതായവരുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണു വിവരം പുറംലോകം അറിയുന്നത്. കാണാതായവരിലേറെയും കുടുംബവുമായാണു വീടു വിട്ടതെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ഇതുസംബന്ധിച്ചു ലോക്കല്‍ പോലീസിന്റെ പരാതിയില്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയതായി അറിയുന്നു.
കാസര്‍ഗോഡ് ജില്ലയില്‍നിന്നു കാണാതായവര്‍ 20നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ്. ഇവര്‍ തൃക്കരിപ്പൂരിലെ ഒരു സാംസ്കാരികകേന്ദ്രത്തില്‍ പതിവായി ഒരുമിച്ചു കൂടാറുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ കൃത്യമായി രേഖകളില്ലാതെ എങ്ങനെ രാജ്യം വിട്ടുപോയി എന്നതു സംബന്ധിച്ചും അന്വേഷണം നടക്കും.
അതേസമയം, ഐഎസില്‍ ചേര്‍ന്നവരെ തള്ളിപ്പറഞ്ഞ് വീട്ടുകാരും രംഗത്തെത്തി. മകന് ഐഎസില്‍ അംഗമായിട്ടുണ്ടെങ്കില്‍ അവന്റെ മൃതദേഹം പോലും കാണേണ്ടെന്ന് ഒരു അച്ഛന് പറഞ്ഞു.