അതേ, ഐഎസ് ദുര്‍ബലമാകുകയാണ്, ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചത് അണികളെ പിടിച്ചുനിര്‍ത്താന്‍, സംഘടനയില്‍ അസംതൃപ്തി പടരുന്നു

ISഇസ്‌ലാമിക രാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ദുര്‍ബലമാകുകയാണെന്ന് റിപ്പോര്‍ട്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ ഫണ്ട് കണ്ടെത്താനാകാത്തതിനൊപ്പം കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാകാത്തതുമാണ് ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ ഐഎസിനെ പ്രേരിപ്പിക്കുന്നതും ഇക്കാരണങ്ങള്‍ തന്നെ. തങ്ങള്‍ ദുര്‍ബലരല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണിതിനു പിന്നില്‍. ഇസ്ലാമിക് സ്റ്റേറ്റെന്ന ആശയത്തില്‍നിന്നു ഭീകരസംഘടനയെന്ന രീതിയിലേക്കു ഐഎസ് മാറ്റപ്പെട്ടുവെന്നും ഒരു അന്താരാഷ്ട്ര സംഘടന തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കാനെന്ന രീതിയില്‍ സ്ഥാപിതമായ ഐഎസിന് തുടക്കത്തില്‍ ഇറാക്കിലെയും സിറിയയിലെയും ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഈ രാജ്യങ്ങളിലെ സാധാരണക്കാര്‍ക്കെതിരേ അടിക്കടി ആക്രമണങ്ങള്‍ ഉണ്ടായതോടെ ഐഎസിനെതിരായ വികാരം ജനങ്ങള്‍ക്കിടെയിലുണ്ടായിട്ടുണ്ട്. മാത്രമല്ല, ഇറാക്കിലും സിറിയയിലും ഐഎസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങള്‍ മൂന്നിലൊന്നായി ചുരുങ്ങി. അമേരിക്കയും റഷ്യയും നടത്തുന്ന ആക്രമണങ്ങളാണ് സംഘടനയ്ക്കു തിരിച്ചടിയായത്.

ഐഎസിലേക്കുള്ള പുതിയ റിക്രൂട്ട്‌മെന്റിലും കുറവുണ്ടായിട്ടുണ്ട്. സിറിയ, ഇറാക്ക്, മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള റിക്രൂട്ട്‌മെന്റില്‍ 60 ശതമാനം കുറവുണ്ടായതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിസായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രില്‍ 2015 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്.

Related posts