ഹൈദരാബാദ്: ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി ഹൈദരാബാദിൽ അറസ്റ്റിൽ. കൊനാകള്ള സത്യനാരായണ എന്ന 22കാരനാണ് ടോളിചോവ്കിയിലെ അപ്പാർട്ട്മെന്റിൽനിന്നു പിടിയിലായത്. കൃഷ്ണ സ്വദേശിയാണ് ഇയാൾ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണു സൂചന.
ഇസ്ലാം മതത്തിൽ ആകൃഷ്ടനായി ഇയാൾ 2014ൽ മതപരിവർത്തനം നടത്തിയിരുന്നു. ഒമർ എന്ന പേരും സ്വീകരിച്ചു. ഐഎസിലേക്ക് ആളെ ചേർക്കാൻ ഓണ്‍ലൈനിലൂടെ പ്രചാരണം നടത്തുകയായിരുന്നു ഇയാൾ ചെയ്തിരുന്നതെന്നും ആക്രമണത്തിന്റെ പദ്ധതികൾ തയാറാക്കുന്നതിനായി ഇയാൾ ഗുജറാത്ത്, കാഷ്മീർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നതായും അന്വേഷണ സംഘം അറിയിച്ചു.
ഐഎസുമായി ബന്ധപ്പെട്ട സിഡികളും രേഖകളും സത്യനാരായണയുടെ അപ്പാർട്ട്മെന്റിൽനിന്നു പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.