തലശേരി: ഐഎസ് ബന്ധത്തെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന മൂന്ന് പ്രതികളെ ഇന്നലെ തലശേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി,തലശേരി സ്വദേശി അറബി ഹംസ, മുണ്ടേരിമെട്ട സ്വദേശികളായ റാഷിദ് , മിഥ്ലാജ് എന്നിവരെയാണ് എന്‍ഐഎ സംഘം ഇന്നലെ തലശേരിയിലും കണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഡിവൈഎസ്പിമാരായ വിക്രം, അബ്ദുള്‍ഖാദര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എന്‍ഐഎ സംഘമാണ് പ്രതികളുമായി ഇന്നലെ തലശേരിയിലെത്തിയത്. യുധ സേനയുടെ അകമ്പടിയോടെ കനത്ത സുരക്ഷയിലെത്തിച്ച പ്രതികളെ എവികെ നായര്‍ റോഡിലെ സൈബര്‍ കഫെയിലും ചക്കരക്കല്‍ മുണ്ടേരിമെട്ടയിലും കൊണ്ടു പോയി തെളിവെടുപ്പ് നടത്തി.സൈബര്‍ കഫൈയില് നിന്നും ചില വിലപ്പെട്ട രേഖകകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്.
ഇന്നലെ പുലര്‍ച്ചെയോടെ എത്തിയ എന്‍ഐഎ സംഘം തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് തിരിച്ചു പോയത്.അറബി ഹംസ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായിട്ടുള്ള കേസിന്റെ അന്വാഷണം അവസാന ഘട്ടത്തിലാണുള്ളതെന്നാണ് അറിയുന്നത്. അടുത്ത ദിവസം തന്നെ അന്വേഷണ സംഘം കൊച്ചി എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ പ്രതികള്‍ കൊച്ചി കാക്കനാട് ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. മിഥ്ലാജ്, അറബി ഹംസ,റാഷിദ് എന്നിവരുള്‍പ്പെടെ അഞ്ച് പ്രതികളെ കണ്ണൂര്‍ ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ സിറിയയിലേക്ക് പോയി തിരിച്ചെത്തിയ പ്രതികളും ഉള്‍പ്പെടുന്നുണ്ട്.ഇന്ത്യയിലും വിദേശത്തെ വിവിധ അറബ് രാജ്യങ്ങളിലും ജയിലില്‍ കഴിയുന്ന യുവാക്കള്‍ പിടിക്കപ്പെടുന്നതിന് മുമ്പ് അറബി ഹംസയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹംസയെ എന്‍ഐഎ സംഘം കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തുള്‍പ്പെടെ വിളിച്ചു വരുത്തി മൂന്ന് ഘട്ടങ്ങളിലായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.