ന്യൂഡല്‍ഹി: ഇന്ത്യയില്‍ ‘ജിഹാദ്’ നടത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഐഎസിലെ മലയാളി ഭീകരന് അബ്ദുള്‍ റാഷിദ് അബ്ദുള്ള. പകരം ഖിലാഫത്ത് നടത്തി അഫ്ഗാനിലേക്കു കടക്കാന്‍ ഇയാള്‍ അനുയായികളെ ആഹ്വാനം ചെയ്യുകയും ചെയ്തു. ദി ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ പ്രതിനിധി പ്രവീണ്‍ സ്വാമിക്ക് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യയില്‍ മുസ്ലിംകള് നേരിടുന്ന ‘വെല്ലുവിളികളെ’ക്കുറിച്ചും അഫ്ഗാനിസ്ഥാനിലെ വിശാലമായ ‘സാധ്യത’കളെക്കുറിച്ചും അബ്ദുല്‍ റാഷിദ് പരാമര്‍ശിച്ചത്.
ഇന്ത്യയില്‍ ജിഹാദ് അസാധ്യമാണെന്നും ഇപ്പോള്‍ ചെയ്യേണ്ടത് ഖിലാഫത്ത് ശക്തിപ്പെടുത്തുക മാത്രമാണെന്നും അബ്ദുള്‍ റാഷിദ് പറയുന്നു. എല്ലാവരും കരുതുന്നതിനേക്കാള്‍ വേഗത്തിലാണു ഖിലാഫത്തിന്റെ വികസനമെന്നും അബ്ദുല്‍ റാഷിദ് അവകാശപ്പെട്ടു. ഈ ലോകം പൂര്‍ണമായും ഇസ്ലാമിക ഭരണത്തിന്‍കീഴില്‍ കൊണ്ടുവരികയാണു ഖിലാഫത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അതോടെ വ്യാജ ദൈവങ്ങള്‍ക്കു പകരം അല്ലാഹു മാത്രം ആരാധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും റാഷിദ് അവകാശപ്പെട്ടു. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനുണ്ടാക്കിയ വാട്സ് ആപ്പ് ഗ്രുപ്പിനു പിന്നിലും ഇയാളാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ടു ചെയ്യുന്നതില്‍ പ്രധാനിയും ഇയാളാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ തൃക്കരിപ്പൂര്‍ പടന്ന മേഖലയില്‍നിന്നു കാണാതായ 15 പേരെ അഫ്ഗാനിസ്ഥാനില്‍ എത്തിച്ചത് അബ്ദുല്‍ റാഷിദാണെന്നു നേരത്തേതന്നെ സൂചന ലഭിച്ചിരുന്നു.
അനുഗ്രഹത്തിന്റെ കപടമുഖമാണ് നരേന്ദ്രമോദി സര്‍ക്കാരെന്നു പറയുന്ന ഇയാള്‍ ഇന്ത്യയുടെ പലഭാഗങ്ങളിലും മുസ്ലിംങ്ങള്‍ അടിച്ചമര്‍ത്തല്‍ നേരിടുന്നുണ്ടെന്നും വ്യക്തമാക്കി.ഇന്ത്യന്‍ ഭരണഘടനയെ മാറ്റിയെഴുതാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാരെന്നും റാഷിദ് ആരോപിച്ചു. ഇത്തരം അനീതികള്‍ക്കുള്ള യഥാര്‍ഥമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ മാത്രമെ ഇന്ത്യയിലെ മുസ്ലിംങ്ങള്‍ ഉണരുകയുള്ളൂവെന്നും റാഷിദ് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മത പണ്ഡിതന്മാര് അവിടുത്തെ മതസമൂഹത്തെ തെറ്റായ വഴിയിലാണ് നയിക്കുന്നതെന്നും റാഷിദ് ആരോപിച്ചു. പ്രാര്‍ത്ഥന, നോമ്പ്, ഹജ്ജ് നിര്‍വഹിക്കല്‍ തുടങ്ങിയ മതപരമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയില്‍ അവസരമുണ്ടെങ്കിലും ‘ജിഹാദ്’ നടത്താന്‍ സാഹചര്യമില്ലാത്തതു വലിയ കുറവാണ്. തിന്മയ്ക്കെതിരായ പോരാട്ടമാണ് ഇസ്ലാമിന്റെ ലക്ഷ്യമെന്നും ഇന്ത്യയിലെ മിക്കയിടങ്ങളും തിന്മയില് മുങ്ങിയിരിക്കുകയാണെന്നും ഇയാള്‍ പറയുന്നു. ഇതിനെതിരായ പോരാട്ടമാണ് ഇന്ത്യയിലെ മുസ്ലിംങ്ങള്‍ നടത്തേണ്ടതെന്നും റാഷിദ് പറയുന്നു.