കോഴിക്കോട്: സുഹൃത്തുക്കളെ കാണാനായി കോഴിക്കോടെത്തിയ അഫ്ഗാന് യുവാവിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. കോഴിക്കോട് പഠിക്കുന്ന വിദ്യാര്‍ഥികളായ അഫ്ഗാന് സ്വദേശികളെ കാണാനായെത്തിയ സിക്കന്തറിനെ (24) കുറിച്ചാണ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള യുവാക്കള്‍ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാസര്‍ഗോഡ്,പാലക്കാട് ജില്ലയില്‍ നിന്നുള്ള യുവാക്കള്‍ ഐഎസിലുള്പ്പെട്ടതായും നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് സിക്കന്തറിനെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം സിക്കന്തറിന്റെ യാത്രാവിവരങ്ങളെ കുറിച്ചും അന്വേഷിക്കുമെന്നും പാസ്പോര്‍ട്ട് പരിശോധിക്കുമെന്നും ഫറോക്ക് ഇന്‍സ്പക്ടര്‍ എം. സുജിത്ത് “രാഷ്ട്രദീപിക’യോട് പറഞ്ഞു.
കോഴിക്കോട് ഫാറൂഖ്കോളജ് പോസ്റ്റ് ഓഫീസിനു സമീപത്തുള്ള വീട്ടില്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്ന വിദ്യാര്‍ഥികളെ കാണാനായാണ് സിക്കന്തര്‍ കോഴിക്കോട് എത്തിയത്. ഇവിടെ വച്ച് കഴിഞ്ഞ ശനിയാഴ്ച ഇരുനില വീടിന്റെ മുകളില്‍ നിന്ന് ഫോണ്‍വിളിക്കുന്നതിനിടെ താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് സിക്കന്തറിനെ കുറിച്ചും ഇവിടെ എത്തിയതിനെ കുറിച്ചും പോലീസ് അറിയുന്നത്.
സിക്കന്തറിനെ ഇന്നലെ കൊച്ചിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. അതേസമയം കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് സിക്കന്തറെന്നാണ് പോലീസിന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സിക്കന്തര്‍ . വലതുകൈയിന്റെ മുട്ടിന് താഴേയും ഇടതുകൈയിലെ മൂന്നു വിരലുകളും സിക്കന്തറിന് നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തിന്റെ ചില ഭാഗങ്ങളിലും പരിക്കുകളുണ്ട്. അഫ്ഗാനിസ്ഥാനിലെ പട്ടാളത്തിലാണെന്നാണ് യുവാവ് പറഞ്ഞത്.