കൊച്ചി: എന്‍ഐഎ അറസ്റ്റ് ചെയ്ത തീവ്രവാദ സംഘടന ഐഎസിന്റെ തൃശൂര്‍ മേഖല നേതാവ് സയ്ദ് നബീല്‍ അഹമ്മദിനെ ഇന്ന് കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയില്‍ ഹാജരാക്കും.
നേപ്പാളിലേക്ക് കടക്കാനുള്ള ഒരുക്കത്തിനിടെയാണ് ചെന്നൈയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.
തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐഎസ്ഐഎസ് മൊഡ്യൂള്‍ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ജൂലൈ 11നാണ് എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ ശക്തമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് നബീലും സംഘവും ലക്ഷ്യമിട്ടിരുന്നതെന്ന് എന്‍ഐഎ പറയുന്നു. ആരാധനാലയങ്ങള്‍ക്കും ചില സമുദായ നേതാക്കള്‍ക്കുമെതിരെയാണ് നബീലും സംഘവും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ എടിഎം കൊള്ള അടക്കമുള്ള പദ്ധതികളും ആസൂത്രണം ചെയ്തിരുന്നു.ജൂലൈയില്‍ തമിഴ്നാട്ടിലെ സത്യമംഗലം കാടിന് സമീപത്തെ ഒളിത്താവളത്തില്‍ നിന്ന് മതിലകത്ത് കൊടയില് അഷ്റഫ് എന്ന ആഷിഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെ നബീലിന്റെ തൃശൂരിലെ വീട്ടിലും റയീസ് എന്നയാളുടെ പാലക്കാട്ടെ വീട്ടിലും എന്‍ഐഎ റെയ്ഡ് നടത്തി. പോലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.