പി. ജയകൃഷ്ണൻ
കണ്ണൂർ: നിരോധിത ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിൽ ചേർന്ന് രാജ്യംവിട്ടവരിൽ പലരും സിറയയിലെ ഐഎസ് ക്യാന്പിൽ മുഴുപട്ടിണിയിലാണെന്നും നാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നതായും സന്ദേശം. ഐഎസിൽ ചേരാൻ കേരളത്തിൽനിന്നു മാത്രം പോയത് 110 ലേറെ പേരാണെന്നാണ് കണ്ടെത്തൽ. ഇതിൽ 45 പേരും കണ്ണൂരിൽനിന്നുള്ളവരാണെന്നാണ് കേരളാ പോലീസിന് ലഭിച്ച വിവരം.
കുടുംബത്തോടൊപ്പം അഫ്ഗാനിസ്ഥാനിൽ പോയ കണ്ണൂർ അഴീക്കോട് സ്വദേശി അൻവർ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ച ദിവസം തന്നെയാണ് പോലീസ് 110 ഓളം മലയാളികളുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് രാജ്യംവിട്ടവരിൽ പലരും തിരിച്ചുവരാൻ ഒരുങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നത്.
സൗത്ത് തൃക്കരിപ്പൂർ സ്വദേശി നുഹമ്മദ് ഫിറോസ് ഖാൻ കഴിഞ്ഞമാസം ഇത്തരത്തിൽ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിച്ച് ബന്ധുവിന് സന്ദേശം അയച്ചതായി കേന്ദ്ര രഹസ്യാന്വേഷണം വിഭാഗം സ്ഥിരീകരിച്ചു. കേരളത്തിൽ യുവാക്കളെ ഐസിലേക്ക് റിക്രൂട്ടു ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുന്പന്തലയിലെ അബ്ദുൾ റാഷിദ് അബ്ദുള്ളയ്ക്കൊപ്പം 2016 ജൂണിലാണ് ഫിറോസ് ഖാൻ രാജ്യം വിട്ടത്.
ഫിറോസ് ഖാൻ ഉൾപെട്ടസംഘം സിറിയയലിലേക്കും മറ്റൊരുസംഘം അഫ്ഖാനിസ്ഥാനിലേക്കുമാണ് പോയത്. കഴിഞ്ഞമാസം ആദ്യമാണ് ഫിറോസ് ഖാൻ പുറത്തുകടക്കാനുള്ള അഗ്രഹവും അവിടത്തെ ദുരിതവും ബന്ധവുമായി പങ്കുവച്ചത്. ഇത്തരം ചിന്താഗതിക്കാരായ നിരവധി പേർ ഇവിടെ ഉണ്ടെന്നാണ് വിവരം. ഭീകരത്താവളങ്ങളിൽ ലൈംഗീക അടികളായി കഴിയുന്ന നിരവധി കുർദിഷ് യുവതികളടക്കമുള്ളവരും രക്ഷപെടാൻ അവസരം കാത്തിരിക്കുന്നതായാണ് സൂചന.
തീവ്രവാദികൾക്ക് ലൈംഗീക ആവശ്യത്തിനായാണ് പെൺക്കുട്ടികളെ തട്ടിക്കൊണ്ടുവന്നാണ് ഭീകര ക്യാന്പുകളിൽ പാർപ്പിക്കുന്നത്. രക്ഷിതാക്കളെ കൊലപെടുത്തിയ ശേഷമാണ് സുന്ദരികളായ കുർദിഷ് പെൺക്കുട്ടികളെയും മറ്റും ഭീകരർ തങ്ങളുടെ ക്യാന്പിലെത്തിക്കുന്നത്. കേരളത്തിൽ കണ്ണൂരിൽ നിന്നടക്കം ഐഎസിലേക്കു പോയ പലരും ഇപ്പോൾ സ്വദേശത്ത് തിരിച്ചെത്താൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായാണ് സൂചന. എന്നാൽ നാട്ടിലെത്തിയാൽ ഉണ്ടാവുന്ന കേസുകളും നിയമപരമായ പ്രശ്നങ്ങളും ഇത്തരത്തിൽപെട്ട പലരും ബന്ധുക്കളുമായി പങ്കുവച്ചതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
2018 നവംബർ 19നാണ് ഭാര്യ നഫ്സിലയും ഏഴും നാലും രണ്ടും വയസുള്ള കുട്ടികളെയുമായി അൻവർ ദുബായിയിലേക്ക് പോയത്. പിന്നീട് അഫ്ഗാനിസ്ഥാനിലെത്തി ഐഎസുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്ന് ഐഎസിലെത്തിയവർ ബഹറിൻ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
വാണിയന്പലത്തെ മുഹദീസ്, കൊണ്ടോട്ടിയിലെ മൻസൂർ, വടകര സ്വദേശി മൻസൂർ, കൊയിലാണ്ടിയിലെ ഫാജിദ്, താമരശേരിയിലെ ഷൈബു, പെരുന്പാവൂരിലെ സഫീർ എന്നിവരാണ് ഐഎസിൽ ചേർന്നത്. ഇതിൽ മുഹദീസ്, കൊണ്ടോട്ടി സ്വദേശി മൻസൂർ, വടകര സ്വദേശി മൻസൂർ എന്നിവർ കൊല്ലപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
കേരളത്തിൽനിന്നും ഐഎസിൽ ചേരാൻ പോയവരിൽ പകുതിയിലേറേയും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കൂട്ടിപ്പോയ പുരുഷന്മാരിൽ 70 ശതമാനവും കൊല്ലപ്പെട്ടതായാണ് സൂചന.
ഭർത്താക്കന്മാർ കൊല്ലപെടുന്നതോടെ സ്ത്രീകളെ ലൈംഗീക അടിമകളാക്കുന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന.
വിവിധ അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ലോകത്ത് കഴിഞ്ഞ വർഷം തീവ്രവാദ കേന്ദ്രങ്ങളിൽ മാത്രം എത്തിയത് 90 ലക്ഷം ടൺ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകളാണെന്ന് പറയുന്നു. തീവ്രവാദികൾ സാന്പത്തികത്തിനുള്ള പ്രധാന മാർഗമായി മയക്കുമരുന്നിനെ ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തൽ. ഇന്ത്യയിലെ നോട്ട് നിരോധനവും തീവ്രവാദ ഗ്രൂപ്പുകൾക്ക് വലിയ തിരിച്ചടിയായതായി വിലയിരുത്തപെടുന്നു.