നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന ഇല്ലെന്നും പ്രമുഖ നടനെ ക്രൂശിക്കുകയാണെന്നും പറഞ്ഞ് രംഗത്തെത്തിയവരില്‍ പ്രധാനിയായിരുന്നു സംവിധായകന്‍ കമല്‍. എന്നാല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ വന്‍ ഗൂഢാലോചന ഉണ്ടെന്ന വാദവുമായി കമല്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായങ്ങളെയും അദ്ദേഹം തള്ളിയിരുന്നു. കമലിന്റെ നിലപാട് മാറ്റത്തില്‍ സിപിഎമ്മിനുള്ളിലും അസംതൃപ്തി പടര്‍ന്നിരുന്നു. എന്നാല്‍ സ്വപ്‌ന പദ്ധതിയായ ‘ആമി’യുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാനാണ് സംവിധായകന്‍ നിലപാട് മാറ്റിയതെന്നാണ് സിനിമമേഖലയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയ താരങ്ങളിലൊരാളാണ് മഞ്ജു. നടിക്കെതിരായ ഗൂഡാലോചനയ്ക്കു നേതൃത്വം കൊടുത്ത വ്യക്തിയെ വെളിച്ചത്തുകൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഗൂഢാലോചന തിയറിക്കു വിരുദ്ധമായ പരാമര്‍ശവുമായി കമല്‍ രംഗത്തെത്തുന്നത്. ഇതോടെ ആമിയില്‍ നിന്നു പിന്മാറുമെന്ന് മഞ്ജു കമലിനെ അറിയിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഞ്ജു കൂടി ഒഴിവായാല്‍ ചിത്രം നിലച്ചേക്കുമെന്ന ഭീതിയിലാണ് കമല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് തള്ളിയതിനു പിന്നിലെന്നാണ് ആരോപണം.
കമല സുരയ്യയുടെ ജീവിതം പറയുന്ന ആമിയില്‍ നിന്ന് വിദ്യാ ബാലന്‍ പിന്മാറിയിരുന്നു. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകളുടെ പ്രതിഷേധമായിരുന്നു ഇതിനു കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സുരേഷ് ഗോപിയെയും വിമര്‍ശിച്ചതായിരുന്നു തീവ്രഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്. ഇതിനു പിന്നിലെ ആമിയിലേക്ക് നിരവധി നടിമാരെ സമീപിച്ചെങ്കിലും എല്ലാവരും ഭീഷണി ഭയന്ന് പിന്മാറുകയായിരുന്നു. മഞ്ജു വാര്യര്‍ ആമിയാകാന്‍ സമ്മതിച്ചതോടെയാണ് ചിത്രത്തെ ചുറ്റിപ്പറ്റി നിന്ന പ്രതിസന്ധി ഒഴിവായത്.
ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നുവെന്നും കഴിഞ്ഞദിവസം ചാനലിന് നല്കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കിയിരുന്നു.