ബെയ്റൂട്ട്: അബുബക്കർ അൽ ബാഗ്ദാദിയുടെ മരണം ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ഐഎസ് സ്ഥിരീകരിച്ചു. “പലവട്ടം കൊല്ലപ്പെട്ട’ തങ്ങളുടെ തലവന്റെ മരണം ആദ്യമായാണ് ഐഎസ് സ്ഥിരീകരിക്കുന്നത്. പുതിയ നേതാവായി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെ തെരഞ്ഞെടുത്തതായി ഐഎസ് പുറ ത്തിറക്കിയ ഓഡിയോയിൽ പറയുന്നു.
ടെലിഗ്രാമിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്. ഭീകരസംഘടനയുടെ വക്താവ് അബു അൽ ഹസൻ അൽ മുഹാജിറും കൊല്ലപ്പെട്ടതായി ഐഎസ് സ്ഥിരീകരിച്ചു. ബാഗ്ദാദിക്കായി നടത്തിയ റെയ്ഡിനു ശേഷം യുഎസും സിറിയൻ കുർദിഷ് സൈന്യവും ചേർന്നു നടത്തിയ ആക്രമണത്തിലാണ് അബു അൽ ഹസൻ കൊല്ലപ്പെട്ടത്.
പുതിയ നേതാവിന്റെ പേര് വ്യാജമാണെന്നാണ് കരുതുന്നത്. സുരക്ഷാ സേനയ്ക്കു ഹാഷിമിയുടെ പേര് അറിയില്ല. പുതിയ നേതാവിന്റെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പുറത്തുവിടാനും ഐഎസ് തയാറായില്ല. ഐഎസിലെ പ്രമുഖനായ നേതാവാണെന്ന് മാത്രമാണ് പുറത്തുവിട്ട വിവരം. ഹാഷിമി വെറ്ററൻ ജിഹാദി പോരാളിയാണെന്നും അമേരിക്കയ്ക്കെതിരെ മുൻപ് പോരാടിയിട്ടുണ്ടെന്നും ഐഎസ് പറയുന്നു.