കണ്ണൂർ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി (ഐഎസ്) ന്റെ ആശയം പ്രചരിപ്പിച്ച കേസിൽ കണ്ണൂരിൽ മൂന്നുപേർക്ക് എൻഐഎ ഓഫീസിലെത്താൻ നോട്ടീസ് നൽകി.
താണയിലെ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളുൾപ്പെടെയുള്ളവർക്കാണ് എൻഐഎ നോട്ടീസ് നൽകിയിട്ടുള്ളത്. ടെലിഗ്രാം, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹിക മാധ്യമങ്ങൾ വഴി ഇവർ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്ചെയ്യാൻ ശ്രമം നടത്തിയെന്നാണ് എൻഐഎ പറയുന്നത്.
ഇന്നലെ ഇവരുടെ താണയിലുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ലാപ്ടോപ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് എന്നിവ ഇന്നലെ നടത്തിയ റെയ്ഡിൽ താണയിലെ വീട്ടിൽ നിന്നും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്.
ഇരു നില വീട്ടിൽ അത്യന്തം ആർഭാഡത്തോടെയാണ് ഈ കുടുംബങ്ങൾ കഴിഞ്ഞിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. ഇടയ്ക്ക് വിദേശത്തേക്ക് പോകാറുണ്ടെന്നും പറയുന്നു. കേരളത്തിലെയും കർണാടകത്തിലെയും ചില യുവാക്കളെ ഐഎസിൽ ചേർക്കാൻ ഇവർ ശ്രമം നടത്തിയതായി പറയുന്നു.
തീർഥാടനത്തിന്റെ മറവിൽ യുവാക്കളെ കാശ്മീരിൽ കൊണ്ടുപോയി ഭീകരപ്രവർത്തനത്തിന് ഏർപ്പാടാക്കാൻ ശ്രമം നടത്തിയതായും എൻഐഎ പറയുന്നു.