പാക്കിസ്ഥാന്റെ വടക്ക് ഭാഗമാണ് ഐഎസിന്റെ പ്രധാന വിഹാരകേന്ദ്രം. 2017ല് രണ്ട് ചൈനീസ് പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന്റെ പിന്നിൽ ഈ സംഘമായിരുന്നു.
2019 മേയ് മാസത്തില് ബലൂചിസ്ഥാനിലും കാഷ്മീരിലും ആക്രമണം നടത്തിയെന്ന് ഐഎസ് അവകാശപ്പെട്ടു. പാകിസ്ഥാന് പ്രവിശ്യ, ഇന്ത്യ പ്രവിശ്യ എന്നിങ്ങനെ പുതിയ ശാഖകളും പ്രഖ്യാപിക്കപ്പെട്ടു.
ചോര ചിന്തി ലങ്ക
കഴിഞ്ഞ വര്ഷം ശ്രീലങ്കയില് ഈസ്റ്റര് ഞായറാഴ്ച നടന്ന ആക്രമണം ആ രാജ്യത്തെ മാത്രമല്ല ലോകത്തെയാകെ ഞെട്ടിച്ചു. ഏപ്രിൽ 21ന് കൊളംബിയയിലെ സെന്റ് ആന്റണീസ്, സെന്റ് സെബാസ്റ്റ്യൻസ്, സയൺ പള്ളി എന്നീ മൂന്ന് ക്രിസ്ത്യൻ പള്ളികളിലായിരുന്നു പ്രധാന ആക്രമണം.
തലസ്ഥാനത്തെ മൂന്ന് ആഡംബര ഹോട്ടലുകളിലും ബോംബാക്രമണം നടന്നു. ശ്രീലങ്കൻ ജനത കറുത്ത ദിനങ്ങളായി അടയാളപ്പെടുത്തിയ ഈ ആക്രമണങ്ങളില് 321 പേരാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ആക്രമണത്തില് പങ്കെടുത്ത തീവ്രവാദികള് ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളികളാണെന്ന് ഐഎസുമായി ബന്ധപ്പെട്ട വാര്ത്താ ഏജന്സിയായ അമാക് അവകാശപ്പെട്ടു.
തീവ്രവാദികളെ സഹായിച്ചത് തീവ്രവാദികളുടെ അന്താരാഷ്ട്ര ശൃംഖലയാണെന്നാണ് ശ്രീലങ്കന് കാബിനറ്റ് വക്താവ് രജിത സേനരത്നെ അന്നു പറഞ്ഞത്. ഖിലാഫത്തിന്റെ പതനത്തോടെ സിറിയയിൽനിന്നും മറ്റും നിരാശരായി മടങ്ങിയ ഐഎസ് പോരാളികളുടെ സഹായവും ഇതിനു ലഭിച്ചോയെന്നു സംശയിക്കപ്പെടുന്നുണ്ട്.
നഗരം പിടിച്ചു
ഫിലിപ്പീൻസാണ് ഐഎസ് ഭീഷണിയിൽ വലയുന്ന പ്രധാന രാജ്യങ്ങളിലൊന്ന്. 2017ല് തെക്ക് മിന്ഡാനാവോയില് ഐഎസിനു ശക്തമായ സാന്നിധ്യമുണ്ടായിരുന്നു, മറാവി നഗരത്തെ ഒരു നിശ്ചിതകാലത്തേക്ക് നിയന്ത്രിക്കാന് പോലും അവര്ക്കു കഴിഞ്ഞു.
ഐഎസിനെ പുറത്താക്കാനായി പ്രാദേശിക സംഘടനകള് സര്ക്കാരുമായി സഹകരിച്ചു പ്രവര്ത്തിക്കാന് തുടങ്ങി എന്നാണ് 2018ലെ റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത് .
ഐഎസിന്റെ ശക്തി അതോടെ ക്ഷയിക്കുകയായിരുന്നു. എന്നിരുന്നാലും, ഇപ്പോഴും ദ്വീപില് ഐഎസിന്റെ നൂറുകണക്കിനു പോരാളികള് സ്ലീപ്പിംഗ് സെല്ലുകളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അവസരം കാത്ത് ഇറാക്കിൽ
2017ല് ഇറാക്കിൽ ഐഎസിനെതിരെയുള്ള പോരാട്ടം വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടതാണ്. എന്നാൽ, ഇപ്പോൾ തീവ്രവാദികളുടെ സാന്നിധ്യം ഒരു ശൃംഖലയായി പരിണമിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക റിപ്പോർട്ടുകളിൽ പറയുന്നത്.
തീവ്രവാദികള് ഇപ്പോഴും ഗ്രാമപ്രദേശങ്ങളില് സജീവമാണ്. ഒളിയിടങ്ങൾ കേന്ദ്രീകരിച്ച് അവർ പ്രവർത്തനം തുടരുന്നുണ്ട്. പരാജയത്തിന് ഏതു നിമിഷവും ഇവരിൽനിന്നു തിരിച്ചടി ഉണ്ടായേക്കാമെന്ന ആശങ്ക ഇറാക്കിനുണ്ട്.
ഇവരുടെ സാന്നിധ്യം സജീവമായ പ്രദേശങ്ങളിൽ അന്ബര്, നീനെവേ പ്രവിശ്യകളുടെ മരുഭൂമികളും കിര്ക്കുക്, സലാ അല്-ദിന്, ദിയാല പര്വത പ്രദേശങ്ങളും ഉള്പ്പെടുന്നു. സെന്റെര് ഫോര് സ്ട്രാറ്റജിക് സ്റ്റഡീസിന്റെ 2020 ഒക്ടോബറിലെ റിപ്പോര്ട്ട് അനുസരിച്ച് ഐഎസ് ഭീഷണിയുടെ നിഴലിൽ തന്നെയാണ് ഇറാക്ക്. (തുടരും).