മോസ്കോ:അടുത്ത വർഷം റഷ്യയില്‍ ഫുട്ബോള്‍ ലോകകപ്പിനു ഭീഷണിയുയര്‍ത്തി ഇസ്ലാമിക് സ്റ്റേറ്റിന്റെ പോസ്റ്റര്‍. സൂപ്പര്‍താരം ലയണല്‍ മെസിയുടെ കണ്ണില്‍നിന്നു രക്തമൊഴുകുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ആഗോള ഫുട്ബോള്‍ മേളയ്ക്ക് വന്ഭീഷണിയുയര്ത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളില്‍ ഭീതിയുണര്‍ത്തിയിട്ടുണ്ട്. ഐഎസ് അനുകൂലസംഘടനയായ വഫാ മീഡിയ ഫൗണ്ടേഷനാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഐഎസ് ഭീതി ആഗോളവ്യാപകമാക്കാനുള്ള പുതിയ തന്ത്രമാണിതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ലോകകപ്പിന് ഭീഷണിയുയര്‍ത്തുന്ന ഒരു ചിത്രം കഴിഞ്ഞയാഴ്ചയും ഐഎസ് പുറത്തു വിട്ടിരുന്നു. ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിനു മുന്നില്‍ കറുത്ത കൊടിയുമായി നില്ക്കുന്ന ഐഎസ് ഭടന്റെ ചിത്രമാണ് അന്ന് പുറത്തു വന്നത്.
2018 ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നവും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. കൂടാതെ ഒരു ഭീഷണിവാചകവും. ‘മുജാഹിദീന്‍ അഗ്നി നിങ്ങളെ ചാമ്പലാക്കുമെന്ന് ഞാന്‍ ശപഥം ചെയ്യുന്നു. കാത്തിരിക്കുക’’എന്നായിരുന്നു ആ വാചകം. നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. അഴിക്ക് പിറകില്‍, കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ മെസ്സി നില്ക്കുന്ന ചിത്രമാണ് പുറത്തുവിട്ടത്.
ഇതടക്കം ഭീഷണികള്‍ ഉയര്‍ത്തുന്ന നിരവധി ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് വരുന്നുണ്ട്.അടുത്ത വർഷം ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ റഷ്യയിലെ വിവിധ നഗരങ്ങളില്‍ വച്ചാണ് ലോകകപ്പ് നടക്കുന്നത്.