തൃക്കരിപ്പൂർ: തീവ്രസംഘടനയായ ഐഎസിൽ ചേരാൻ യെമനിൽ എത്തിയത് തൃക്കരിപ്പൂർ ഉദിനൂരിലെ കുട്ടികൾ ഉൾപ്പെടെയുള്ള ആറംഗ കുടുംബവും പടന്ന സ്വദേശികളായ രണ്ടുപേരുമാണെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു.
ദുബായിൽ താമസിക്കുന്നതിനിടെയാണ് കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ നടത്തിയ അന്വേഷണത്തിൽ ആദ്യം ആറംഗകുടുംബത്തെക്കുറിച്ചുള്ള വിവരമായിരുന്നു ലഭിച്ചത്.
പിന്നീടാണ്, പടന്ന സ്വദേശികളായ രണ്ടുപേരും കൂടി യെമനിൽ എത്തിയതായി വിവരം ലഭിച്ചിരിക്കുന്നത്.വർഷങ്ങളായി ദുബായിലായിരുന്ന കുടുംബം സൗദി അറേബ്യ വഴിയാണ് യെമനിലെത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഇവരെ കൂടാതെ പടന്ന വടക്കേപ്പുറം സ്വദേശികളായ രണ്ടുപേരിൽ ഒരാൾ സൗദി വഴിയും മറ്റൊരാൾ ഒമാനിൽനിന്നുമാണ് പോയത്.
ഇന്നലെ പ്രത്യേക അന്വേഷണസംഘം ഉദുമയിലും പടന്നയിലും എത്തി കുടുംബാംഗങ്ങളിൽ നിന്നും മൊഴി ശേഖരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇന്നും അന്വേഷണസംഘമെത്തും.
ഇതിനിടെ ഐഎസ് റിക്രൂട്ട്മെന്റ് കേരളത്തിൽ വീണ്ടും സജീവമാകുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
ദുബായിൽ ജോലി വാഗ്ദാനം നല്കി കൊണ്ടുപോകുന്നവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ദുബായിൽ വച്ചാണെന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
2016 ൽ ഐഎസിൽ ചേർന്നത് 21 പേർ
2016ൽ പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽനിന്നു നാല് കുടുംബങ്ങളുൾപ്പെടെ 21 പേർ തീവ്ര സംഘടനയായ ഐഎസിൽ ചേർന്നത് വലിയ ചർച്ചയായിരുന്നു.
തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റാഷിദിന്റെ നേതൃത്വത്തിലാണ് കാബൂൾ വഴി ഭൂരിഭാഗം പേരും യെമനിലേക്ക് പോയത്. ഇവരിൽ ഏഴ് പേർ മലയിടുക്കിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് പിന്നീട് വിവരം ലഭിച്ചിരുന്നു.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒമ്പത് പേർ രണ്ട് വർഷമായി അഫ്ഗാൻ സെന്യത്തിന്റെ തടങ്കലിലാണെന്ന് വിവരമുണ്ടെങ്കിലും അതല്ല ഇവരിൽ പടന്ന സ്വദേശികളായ രണ്ട് പേർ മാത്രമാണ് ജീവിച്ചിരിക്കുന്നുള്ളുവെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.
ആറുവർഷത്തെ ഇടവേളക്ക് ശേഷം ഏട്ട് പേർ കൂടി യെമനിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ കുടുംബങ്ങളും നാട്ടുകാരും ആശങ്കയിലാണ്.