ന്യൂഡൽഹി : ഐഎസ് ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ പദ്ധതി തയാറാക്കിയിരുന്നതായി റിപ്പോർട്ട്. എൻഐഎ പിടികൂടിയ മലയാളിയായ മെയ്ദീനെ ചോദ്യം ചെയ്തപ്പോഴാണ് മുസ്ലിം- ഹിന്ദു നേതാക്കന്മാരെ ആക്രമിച്ച് രാജ്യത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചതായി സമ്മതിച്ചതെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജമാ അത്ത് ഇസ്ലാമി നേതാക്കളെയും അഹമ്മദിയ മോസ്കുകളും ഹിന്ദു നേതാക്കളെയുമാണ് ഇവർ ലക്ഷ്യം വച്ചിരുന്നത.് ഐഎസ് ആശയങ്ങളെ എതിർത്തിരുന്നതിനാലാണ് ഇവരെ ലക്ഷ്യം വച്ചരുന്നതെന്നാണ് മെയ്ദീൻ പറയുന്നത്.
ഡിസംബറിൽ അബുദാബിയിൽ പിടിയിലായ മെയ്ദീനെ കഴിഞ്ഞ 14നാണ് എൻഐഎയ്ക്ക് പോലീസ് കൈമാറിയത്. ഐഎസിന്റെ രഹസ്യ ഒാൺലൈൻ ഗ്രൂപ്പിൽ ഇന്ത്യയെ ആക്രമിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നതായും മെയ്ദീൻ പറഞ്ഞു. ബാബ് അൽ നൂർ എന്ന ടെലഗ്രാം ഗ്രൂപ്പിൽ രാഹുൽ ഈശ്വർ അടക്കം പങ്കെടുക്കുന്ന ജമാ അത്ത് ഇസ്ലാമിയുടെ കൊച്ചിയിലെ പരിപാടിയെക്കുറിച്ച് വിശദമായി പോസ്റ്റ് ചെയ്തിരുന്നു.
ഈ പരിപാടിയെ നമ്മൾ ലക്ഷ്യം വയ്ക്കണമെന്നും ബൈക്ക് ഉപയോഗിച്ച് ആക്രമണം നടത്തണമെന്നും ഒരാൾ ഗ്രൂപ്പിൽ അഭിപ്രായപ്പെട്ടു. എന്നാൽ താൻ ജൂത പള്ളി ലക്ഷ്യമിടണമെന്നും ടിപ്പർ ഉപയോഗിച്ചായിരിക്കണം ആക്രമണം നടത്തേണ്ടതെന്നും നിർദ്ദേശിക്കുകയും ചെയ്തതായി മെയ്ദീൻ പറഞ്ഞു.
കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയ കാസർഗോഡ് സ്വദേശികളായ അഞ്ചുപേരെ ഇറാക്ക് അതിർത്തിയിൽ വച്ച് കണ്ടിരുന്നതായും മെയ്ദീൻ പറഞ്ഞു. ഡോ. ഇജാസ്, മാർവൻ, മൻസാദ്, ഹഫിസുദീൻ എന്നിവര് ഉൾപ്പെടയുള്ള അഞ്ചുപേരെയാണ് കണ്ടത്. ഐഎസിന്റെ കേരള ഘടകത്തിന്റെ ചുമതലാണ് തനിക്കെന്നും മെയ്ദീൻ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. കേരളത്തിൽ നിന്ന് 22 പേർ ഐഎസിൽ ചേർന്നതായാണ് ദേശീയ അന്വേഷണ ഏജൻസികൾ പറയുന്നത്.