കണ്ണൂര്‍: മേക്കുന്ന് കനകമലയില്‍ അറസ്റ്റിലായ ആറുപേര്‍ക്കു പുറമേ ഐഎസ് രഹസ്യയോഗത്തിന് കൂടുതല്‍ പേര് എത്തിയതായി അറസ്റ്റിലായവരില്‍ നിന്നും എന്‍ഐഎ സംഘത്തിന് വിവരം ലഭിച്ചു. അറസ്റ്റിലായവര്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസിന്റെ സ്ലീപിംഗ് സെല്ലാണെന്നും വിവരം ലഭിച്ചു.ഐഎസ് ബന്ധമുണ്ടെന്ന സംശയിക്കുന്ന ആറുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെ കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത കനകമലയില്‍ വച്ചും ഒരാളെ കോഴിക്കോട് കുറ്റിയാടിയില്‍ വച്ചുമാണ് അറസ്റ്റ്ചെയ്തത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ് സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ നിരവധിപേര്‍ സംഘത്തിലുള്ളതായി എന്‍ഐഎ സംഘത്തിനു സൂചന ലഭിച്ചു.
ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന 21 പേരുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ കണ്ണൂര്‍ കോഴിക്കോട്, കാസര്‍ഗോഡ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. ദക്ഷിണേന്ത്യയില്‍ ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു. ഭീകരാക്രമണം നടത്തുന്നതിനായി കേരളത്തിലെയും തമിഴ്നാട്ടിലെയും യുവാക്കള്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിക്കുന്നുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്നാണ് എന്‍ഐഎ കനകമലയിലെത്തിയത്.മൊബൈല്‍ ഫോണിലൂടെയാണ് സംഘാംഗങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്നത്. ഗ്രാമപ്രദേശങ്ങളിലെ കരിങ്കല്‍ ക്വാറികള്‍, മലമുകളുകള്‍ എന്നിവിടങ്ങളിലാണ് കൂടികാഴ്ച നടക്കുന്നത്.
ന്നലെ അറസ്റ്റിലായവരില്‍ നിന്നും കേരളത്തിലെ ഒരു രാഷ്ട്രീയനേതാവ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര് എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്‍ഐഎ വിശദമായി അന്വേഷിച്ച് വരികയാണ്. നേരത്തെ എന്‍ഐഎയുടെ നീരീക്ഷണത്തിലുള്ളവരാണ് കനകമലയില്‍ വച്ചു പിടിയിലായത്. അണിയാരം സ്വദേശി മന്‍സീദ് (30), കോയമ്പത്തൂര്‍ സ്വദേശി അബു ബഷീര്‍ (29), തൃശൂര്‍ ചേലക്കര സ്വദേശിയും ഇപ്പോള്‍ ചെന്നൈയില്‍ താമസക്കാരനുമായ സ്വാലിഹ് മുഹമ്മദ് (26), മലപ്പുറം തിരൂര്‍ പൊന്മുണ്ടം സ്വദേശി സഫ്വാന് (30), കോഴിക്കോട് കുറ്റിയാടി സ്വദേശി ജാസിം (25) എന്നിവരെയാണ് കനകമലയില്‍ വച്ച് പിടികൂടിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് കുറ്റിയാടിയിലെ റംഷാദിനെയും (24) അറസ്റ്റ്ചെയ്യുകയായിരുന്നു.
കേരളം, ഡല്‍ഹി, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം. ഇതിനിടെ ഇവരില്‍ ഒരാളുടെ മൊബൈല്‍ നമ്പര്‍ എന്‍ഐഎക്ക് ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്ന്ന് സംഘം കനകമലയിലുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെ എന്‍ഐഎ ഐജി അനുരാഗ് സംഘിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കനകമലയിലെത്തി അഞ്ചുപേരെ അറസ്റ്റ് ചെയതത്.എന്‍ഐഎ എസ്പി എ.പി. ഷൗക്കത്തലിയും അന്വേഷണസംഘത്തിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് കനകമലയിലും പരിസരത്തും ജനം തടിച്ചുകൂടി.
അറസ്റ്റിലായവരെ മുഖംമൂടി ധരിപ്പിച്ച് കനത്ത സുരക്ഷയില്‍ കോഴിക്കോടെ ക്യാമ്പ് ഓഫീസിലേക്കു കൊണ്ടുപോയി. അറസ്റ്റിലായവരെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ നാലു മാസത്തോളമായി ഈ സംഘത്തെ നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ പിടിയിലാകുന്നത്. വാട്സ് ആപ് ഉള്‍പ്പെടെയുള്ള ചില സാമൂഹ്യമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ വഴിയുള്ള ഇടപാടുകളും നിരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇതില്‍ നിന്നുമാണ് മേക്കുന്ന് കനകമലയില്‍ രഹസ്യ യോഗം ചേരുന്നുവെന്ന വിവരം ലഭിച്ചത്.