കണ്ണൂർ: ബേബി ബീച്ചിന് സമീപം കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടച്ചേരി മുത്തപ്പൻ കാവിനു സമീപത്തെ റോഷിത (32) നിക്ഷേപത്തട്ടിപ്പിന് ഇരയായതായി പോലീസിന്റെ പ്രാഥമികാന്വേഷണം.
താവക്കര ആസ്ഥാനമായുള്ള ഒരു സാന്പത്തിക സ്ഥാപനത്തിൽ റോഷിത പണം നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിൽ എത്തി.
എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് വരാനായിരുന്നു അധികൃതരുടെ മറുപടി. രണ്ട് ദിവസം കഴിഞ്ഞ് ചെന്നപ്പോഴും യുവതിക്ക് പണം നൽകിയില്ല. തുടർന്ന് ഇന്നലെ രാവിലെ യുവതി പണത്തിനായി വീണ്ടും സ്ഥാപനത്തിൽ ചെന്നു.
പണം നൽകാൻ കഴിയില്ലെന്നായിരുന്നു അധികൃതരുടെ മറുപടി. ഇന്നലെ പണവുമായി വരുമെന്നും പണം കിട്ടിയില്ലേൽ പിന്നെ ആരും തന്നെ കാണില്ലെന്നും ഭർത്താവ് പ്രമിത്തിനോട് യുവതി പറഞ്ഞിരുന്നതായി പറയുന്നു.
നിക്ഷേപിച്ച സ്ഥാപനത്തിൽ നിന്നും പണം ലഭിക്കാതായതോടെ യുവതി തന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായി പോലീസ് പറഞ്ഞു.
എന്നാൽ, ആരുടെ കൈയിൽ നിന്നും പണം ലഭിക്കാതായതോടെയാണ് തന്നെ അന്വേഷിക്കേണ്ടെന്നും വെറുക്കരുതെന്നും പറഞ്ഞ് ബന്ധുക്കൾക്കും സന്ദേശവും സമൂഹ മാധ്യമത്തിൽ സ്റ്റാറ്റസും ഇട്ട ശേഷമാണ് യുവതി ജീവനൊടുക്കിയത്.
കണ്ണൂർ സിറ്റി പോലീസ് യുവതിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.