കഴിഞ്ഞ എട്ടാം തീയതി രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചത് ഏറ്റവുമധികം ബാധിച്ചത് കേരളത്തെയാണ്. പൊതുവെ ആഢംബര പ്രിയരായ കേരളത്തിലെ ജനങ്ങളില്‍ ജീവിത നിലവാരവും വളരെ ഉയര്‍ന്നതാണ്. ഏതൊരു സാധാരണ കൂലിപ്പണിക്കാരനും 700 രൂപയില്‍ കുറയാത്ത കൂലിയും കേരളത്തിലുണ്ട്. മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറും ഇരുനൂറും കൂലി ലഭിക്കുമ്പോഴാണ് ഇത്. അത് കൊണ്ട് തന്നെയാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോട്ട് പിന്‍വലിച്ച നടപടി ഏറ്റവുമധികം കേരളത്തിലെ ജനങ്ങളെ ബാധിച്ചതും.
കേരളത്തിന്റെ ഈ ഉയര്‍ന്ന ജീവിത നിലവാരം മുന്‍കൂട്ടി കണ്ട ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാനത്ത് സാനിധ്യമറിയിക്കുന്നതിനായി നേരത്തെ തന്നെ ശ്രമമാരംഭിച്ചിരുന്നു. പൊതുവെ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുകയും പത്ര ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തയും വാര്‍ത്താധിഷ്ഠിത പരിപാടികളും കാണുകയും ചെയ്യുന്ന മലയാളികള്‍ അത്ര പെട്ടന്ന് തങ്ങളുടെ വഴിക്ക് വരില്ലന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി ബിജെപിക്ക് സംസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ പിന്തുണ നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലിലും കേരളത്തില്‍ വേരുറപ്പിക്കുന്നതിനെ കുറിച്ച് വലിയ ചര്‍ച്ചയും നടന്നിരുന്നു. എന്നാല്‍ പ്രധാനമായും ഹിന്ദു മത വിശ്വാസികളുടെ പിന്തുണ കൊണ്ട് മുന്നോട്ട് പോവുന്ന സിപിഎമ്മിന്റ അടിത്തറ തകര്‍ത്തെങ്കില്‍ മാത്രമേ തങ്ങളുടെ പാര്‍ട്ടിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവൂ എന്നതും ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് സിപിഎമ്മിന്റെ പ്രധാന ശക്തിസഹകരണ ബാങ്കുകള്‍ തന്നെയാണ്. സംസ്ഥാനത്ത് ആയിരത്തി അറുനൂറോളം സഹകരണ ബാങ്കുകളാണുള്ളത്. ഇതില്‍ 80 ശതമാനത്തിലധികം ഭരിക്കുന്നത് സിപിഎമ്മാണ്. ഈ സഹകരണ ബാങ്കുകളെ തകര്‍ത്തു കഴിഞ്ഞാല്‍ പിന്നെ അധികകാലം സിപിഎമ്മിന് പിടിച്ചു നില്‍ക്കാനാവില്ല. സാധാരണക്കാരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വരെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അത് കൊണ്ട് തന്നെ ഇത് തകര്‍ന്നാല്‍ കേരളത്തിന്റെ സാമ്പത്തിക അടിത്തറയോടൊപ്പം സിപിഎമ്മിന്റെ വേരറുക്കാമെന്നും ബിജെപി കണക്ക് കൂട്ടുന്നു. സംസ്ഥാന സഹകരണ ബാങ്കുകളില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമുണ്ടന്ന് നേരത്തെ തന്നെ ബിജെപി നേതാക്കള്‍ ആണയിട്ട് പറയുന്ന കാര്യമാണ്. നോട്ട് മാറ്റി നല്കുന്ന കാര്യത്തിലും സഹകരണ ബാങ്കുകള്‍ക്ക് കൃത്യമായ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ രണ്ടായിരം രൂപ നല്‍കിയിരുന്നത് ഇന്നലെ മുതല്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച പണം മാറ്റി നല്കേണ്ടന്ന് ഷെഡൂള്‍ഡ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിയമാനുസൃതമായി പണം നിക്ഷേപിച്ചവരും ഇപ്പോള്‍ ആശങ്കയിലാണ്. പല സിപിഎം നേതാക്കള്‍ക്കും നിരവധി കോളുകളാണ് ഇതുസംബന്ധിച്ച് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. ഇവരോട് പ്രശ്നമില്ലന്ന് പറയുന്നുണ്ടങ്കിലും കാര്യങ്ങള്‍ എവിടെ ചെന്നെത്തുമെന്ന് ഇവര്‍ക്കും ഉറപ്പില്ല. മന്ത്രി ഡോ. തോമസ് ഐസക്കിന് പോലും ഒരു പിടിയുമില്ലന്ന് കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ സംസ്ഥാനമാകെ വലിയ ഭീതിയില്‍ തന്നെയെന്ന് ഉറപ്പിച്ച് പറയാനാവും. ഇത്തരത്തില്‍ സഹകരണ ബാങ്കുകളെ തകര്‍ത്ത് അതുവഴി കേരളത്തില്‍ വേരുറപ്പിക്കാനുളള ബിജെപിയുടെ ഒരു ലക്ഷ്യവും കൂടി നോട്ട് പിന്‍വലിക്കലില്‍ കാണുന്നവരുണ്ട്. ഇതു തന്നെയാണ് സിപിഎം പാളയത്തിലേക്ക് ഇറങ്ങി പുറപ്പെടാനായി തയ്യാറായ പല നേതാക്കളേയും പിന്തിരിപ്പിച്ചതിന് പിന്നിലെന്നാണ് പിന്നണിയിലെ സംസാരം.