എസ്.മഞ്ജുളാദേവി
കേൾക്കുന്നവർ സന്തോഷം കൊണ്ട് മതിമറന്നുപോകുന്ന ഗാനങ്ങൾ എങ്ങനെ സൃഷ്ടിക്കുന്നു? എന്ന് ഇളയരാജയോട് തമിഴ് ടെലിവിഷൻ അവതാരകൻ ഒരിക്കൽ ഒരഭിമുഖത്തിൽ ചോദിക്കുന്നുണ്ട്. കുട്ടികളെപ്പോലെ നിഷ്കളങ്കമായ പുഞ്ചിരിയോടെ ഇളയരാജ പറയുന്നു-ട
“”ചെറിയ കുഞ്ഞുങ്ങളെ കണ്ടിട്ടില്ലേ. ഏതൊരു കാഴ്ചയും അവർക്ക് ഉല്ലാസമാണ്. സംഗീതത്തിനു മുന്നിൽ ഞാനും ഒരു കുട്ടിയാണ്. അതല്ലാതെ എങ്ങനെ ആഹ്ലാദകരമായ സംഗീതം വരുന്നുവെന്നതിന് എനിക്ക് മറുപടിയില്ല.”
വളരെ അപൂർവമായേ ഇളയരാജ എന്ന സംഗീത ഇതിഹാസം മാധ്യമങ്ങൾക്കു മുന്നിൽ വരാറുള്ളൂ. തെന്നിന്ത്യ മുഴുവൻ അലയടിക്കുന്ന തന്റെ ആയിരക്കണക്കിന് ഗാനങ്ങളുടെ പിറവിയെക്കുറിച്ച് വിശദമായി പറയുന്ന പതിവും അദ്ദേഹത്തിനില്ല.
അഭിമുഖങ്ങളിൽ ആവർത്തിച്ചാവർത്തിച്ചു ചോദിക്കുന്പോൾ ഏതാനും ചില വാക്കുകളിൽ മറുപടികൾ ഒതുക്കും. 2017ൽ ഇളയരാജയുടെ സംഗീതത്തിൽ “ക്ലിന്റി’ലെ ഗാനങ്ങൾ വന്നപ്പോൾ ഒരു സ്വകാര്യ മലയാളം ചാനലിന്റെ അഭിമുഖം വന്നിരുന്നു.
ക്ലിന്റിലെ ഗാനങ്ങളെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് ഇളയരാജ വ്യക്തമായി തന്നെ പറയുന്നുണ്ട്- “”എന്റെ ഗാനങ്ങളെക്കുറിച്ച് പറയേണ്ടത് ആസ്വാദകരാണ്, ഞാനല്ല.
” അക്ഷരാർത്ഥത്തിൽ സംഗീതത്തിൽ ആണ്ട് ജീവിക്കുന്ന സംഗീത മാന്ത്രികനിൽ നിന്നും സാധാരണ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നത് തന്നെ അനൗചിത്യമാണ്. കാലം നമുക്ക് തന്ന മഹാത്ഭുതമാണ് ഇളയരാജ.
പുലർച്ചെ പാടേണ്ട രാഗമാണ് ഭൂപാളം. വൈകിട്ട് ശ്യാമ, ശങ്കരാഭരണം തുടങ്ങിയ രാഗങ്ങളാണ് നല്ലത്. മോഹനം തുടങ്ങിയ രാഗങ്ങളാണ് ആഹ്ലാദകരമായ മുഹൂർത്തങ്ങൾക്ക് അനുയോജ്യം. ദുഃഖവേളകളിൽ ശുഭപന്തുവരാളി, രേവതി തുടങ്ങിയവയാണ് അഭികാമ്യം.
ഇങ്ങനെയുള്ള സംഗീതശീലങ്ങളെ ഇളയരാജ മറികടക്കുന്നു. ഏത് രാഗം കൊണ്ടും ഏത് അവസ്ഥയും തീർക്കാം എന്ന് ഇളയരാജ പറയും, തെളിയിക്കും. മറ്റൊരു സംഗീത സംവിധായകനും സംഗീതത്തിൽ നടത്തുവാൻ ധൈര്യപ്പെടാത്ത കാര്യങ്ങൾ ഇളയരാജ തന്റെ സംഗീതത്തിലൂടെ പരീക്ഷിക്കുമെന്നാണ് നിരൂപകന്മാർ വിലയിരുത്തുന്നത്.
പ്രശസ്ത തമിഴ് സംഗീത നിരൂപകൻ അലങ്കുടി വെള്ളൈച്ചാമി പറയുന്നത് ഇങ്ങനെ- “”സാധാരണ പുലർകാല ഗാനങ്ങൾ സൃഷ്ടിക്കുന്പോൾ പുലർകാല രാഗമായ ഭൂപാളം ആണ് ഉപയോഗിക്കുന്നത്.
എന്നാൽ ഭൂപാളം ഇല്ലാതെ തന്നെ പുലരിയുടെ തണുപ്പും അന്തരീക്ഷവും തീർക്കാൻ രാജസാറിനു കഴിയും.” അലൈകൾ ഒയ്വതില്ലെയിലെ പുത്തൻ പുതുക്കാലം അതിന് ഉദാഹരണം. തെളിഞ്ഞ ആകാശത്തിലൂടെ കിളികൾ പറക്കുന്നതും ഇളംമഞ്ഞ് പൊഴിയുന്നതും ആസ്വാദകരെ അനുഭവിപ്പിക്കുന്നു ഇളയരാജ. ഭൂപാളം ഇല്ലാതെ തന്നെ.
പൊതുവെ മരണം പോലെ ദുഃഖമയമായ അന്തരീക്ഷത്തിൽ വായിക്കുന്ന ഷഹനായി സംഗീതം ഉല്ലാസമേറിയ പ്രണയഗാനത്തിന്റെ തുടക്കത്തിൽ പ്രയോഗിച്ചിട്ടുണ്ട് ഈ മാന്ത്രികൻ. ഗാനത്തിൽ മൗനത്തേയും സംഗീതമാക്കുന്ന ഇന്ദ്രജാലം ഇളയരാജയ്ക്കു മാത്രം.
ഒരു ഗാനത്തിന്റെ വരികളും സംഗീതവും നിർത്തി അഞ്ച് നിമിഷങ്ങൾ വരെ മൗനത്തെ അതിൽ പ്രതിഷ്ഠിക്കുന്നു. അഥവാ മൗനത്തെ മനോഹരമായ സംഗീതമാക്കുന്നു. മൗനരാഗത്തിലെ “മൺട്രം വന്ത്… ‘എന്ന ഗാനത്തിന്റെ അനുപല്ലവി കഴിഞ്ഞും ചരണം കഴിഞ്ഞും ഈ സൗന്ദര്യം കാണാം.
ഹമ്മിംഗ് കൊണ്ട് മാത്രം നായികയുടെ ഹൃദയം മുഴുവൻ ഗാനാസ്വാദകർക്കു മുന്നിൽ തുറന്നു വയ്ക്കുന്ന മാജിക്കും ഇളയരാജയ്ക്കുണ്ട്. ഇളയരാജയുടെ ആദ്യഗാനമായ “അന്നക്കിളി ഉന്നൈ…’ എന്ന ഗാനത്തിൽ തന്റെ പ്രാണനായകനെ കാണാതെ വിഷമിക്കുന്ന പ്രണയിനിയുടെ മനസ് ഹമ്മിംഗിന്റെ തുടക്കത്തിൽ കാണാം.
കാമുകൻ അരികിലെത്തുന്പോൾ ഉണ്ടാകുന്ന ഹർഷോന്മാദം ആണ് പിന്നീട് ഹമ്മിംഗിൽ ഇളയരാജ ചേർത്തു വയ്ക്കുന്നത്. ഇങ്ങനെ മനുഷ്യവികാരങ്ങളെ മുഴുവൻ ഒരു ഹമ്മിംഗിൽ നിറയ്ക്കുവാൻ പോലും കഴിയുന്ന സംഗീത സംവിധായകൻ കൂടിയാണ് ഇളയരാജ.
“വിഴിയോരത്ത് കനവ്…’, “ഒരു ഉറവ് അഴൈക്കിത്…’ പോലുള്ള നൂറുനൂറു വിരഹഗാനങ്ങൾ കൊണ്ട് കണ്ണുകൾ നനയിച്ചിട്ടുണ്ട് ഇളയരാജ. പുതിയ കാലത്തെ പ്രണയത്തുടിപ്പുകൾക്കൊപ്പം ചേരുന്പോൾ ഉണ്ടാകുന്ന ഗാനങ്ങൾ എടുത്താലോ? ഇന്നത്തെ കൗമാരക്കാരേക്കാൾ കുറുന്പ് ഉണ്ടാകും.
സ്ക്രീനിൽ യുവനടൻ ജീവയും ഗ്ലാമർ താരം സാമന്തയും ലയിച്ചു ചേർന്ന് അഭിനയിച്ച “നീ താനെ എൻ പൊൻവസന്തം എന്ന ചിത്രത്തിലെ സായ്ന്ത് സായ്ന്ത്’ എന്ന ഗാനം ഒരു ഉദാഹരണം മാത്രം.
കുറേക്കാലമായി തമിഴ്നാട്ടിൽ കുട്ടികൾ ഉറങ്ങുന്നത് ഇളയരാജയുടെ ഗാനങ്ങൾ കേട്ടാണെന്ന് പൊതുവെ പറയാറുണ്ട്. അമ്മമാരുടെ താരാട്ടിനേക്കാൾ അധികം താരാട്ടു പോലുള്ള ഇളയരാജയുടെ ഗാനങ്ങൾ ആണ് കുഞ്ഞുങ്ങളെ ഉറക്കത്തിന്റെ ശാന്തതയിലേക്ക് കൊണ്ടു പോകുന്നതത്രേ. “തൂളിയിലെ ആടവന്താൻ..’പോലുള്ള ഗാനങ്ങൾ ഉദാഹരണങ്ങളാണ്.
1943 ജൂൺ രണ്ടിന് തമിഴ്നാട്ടിലെ തേനി ജില്ലയിലെ പണ്ണെപുരം ഗ്രാമത്തിൽ രാമസ്വാമി- ചിന്നത്തായമ്മാൾ ദന്പതികളുടെ മകനായി ജനിച്ച ജ്ഞാനദേശികൻ എന്ന ഇളയരാജ ജീവിതത്തിൽ അനുഭവിച്ച വേദനകളും ഇല്ലായ്മകളും വാക്കുകൾ കൊണ്ട് പറയുവാൻ കഴിയുന്നതല്ല. ഈ യാതനകൾ കടഞ്ഞുകടഞ്ഞു കിട്ടിയ മധുരമാണ് ഇന്ന് സംഗീതലോകത്ത് പെയ്തിറങ്ങുന്നത്.