ചാത്തന്നൂർ: മകളുടെ ഭർത്താവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. മുട്ടക്കാവ് പുത്തൻ വിള (പട്ടിയഴികം ) വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഐഷാബീവി (72) ആണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകൻ അലി അക്ബറിനു വേണ്ടി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവ സമയം അലി അക്ബറിനൊടൊപ്പം ഉണ്ടായിരുന്ന സഹോദരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അലി അക്ബറിനെതിരെ മരണമടഞ്ഞ ഐ ഷാബീവിയും മകളും നിരവധി തവണ പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ- കഴിഞ്ഞദിവസമായിരുന്നുസംഭവം. പുലർച്ചെയുള്ള നമസ്കാരംകഴിഞ്ഞ് പുറത്തേക്കിറങ്ങാൻ ശ്രമിക്കവെയാണ് അലി അക്ബർ ഇവരെ ആക്രമിച്ചത്.പരിക്കേറ്റ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നിട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്നലെ വൈകുന്നേരം മരിച്ചു.
ഇവരുടെ മകൾ നസീറാ ബീവിയും ഭർത്താവും തമ്മിൽ പിണങ്ങി കഴിഞ്ഞുവരികയായിരുന്നു. അടുത്തിടെ ജമാഅത്ത് കമ്മറ്റി ഇടപെട്ട് മധ്യസ്ഥ ചർച്ചയ്ക്ക്ക്ക് ശ്രമിച്ചപ്പോൾ പ്രതിയായ അലി അക്ബർ ജമാഅത്ത് കമ്മറ്റി ഓഫീസിലും ആക്രമണം നടത്തി. ഇയാളുടെ വസ്തുക്കൾ അറ്റാച്ച് ചെയ്യിപ്പിച്ചതിന് പിന്നിൽ ഐ ഷാബീവിയാണെന്ന കാരണം പറഞ്ഞാണ് ആക്രമണം നടത്തിയതെന്ന് പറയുന്നു.
മരിച്ച ഐ ഷാബീവിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊട്ടിയം സി. ഐ യുടെ നേതൃത്വത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചാത്തന്നൂർ പോലീസ് കേസ് എടുത്തു.നസീറയടക്കം ഐ ഷാബീവിക്ക് ആറു മക്കളുണ്ട്.