തട്ടത്തിന്‍ മറയത്തിലൂടെ മലയാളക്കരയെ കീഴടക്കിയ നടിയാണ് ഇഷ തല്‍വാര്‍. ഇഷ മലയാളികള്‍ക്ക് ആയിഷയാണ്, തട്ടമിട്ട ഉമ്മച്ചിക്കുട്ടി. തട്ടത്തിന്‍മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളി യുവാക്കളുടെ സ്വപ്‌നറാണിയാകാനും ഇഷയ്ക്കു കഴിഞ്ഞു. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഇഷ മനസു തുറന്നു.
കൊച്ചിയില്‍ സ്ഥിരതാമസത്തിനൊരുങ്ങുകയാണല്ലോ എന്ന ചോദ്യത്തിന് ”കഴിഞ്ഞ ആറ് വര്‍ഷങ്ങളായിട്ട് കൊച്ചി എന്റെ ജീവിതത്തിലുണ്ട്. ഈ നാടിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രവും മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. ആളുകളും ഭക്ഷണവുമായി ഞാന്‍ പ്രണയത്തിലായി. എന്നായിരുന്നു ഇഷയുടെ മറുപടി. ആദ്യമൊന്നും ഇങ്ങനെ അല്ലായിരുന്നു. 2012 ല്‍, തട്ടത്തിന്‍ മറയത്ത് സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍, പൊരുത്തപ്പെടാന്‍ നന്നെ ബുദ്ധിമുട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് സുന്ദരമായി തോന്നുന്നതെല്ലാം അന്നെനിക്ക് പ്രശ്‌നമായിരുന്നു. ഇന്നെനിക്ക് കേരളത്തില്‍ കഴിയാനാണ് ഏറെ ഇഷ്ടം. ഇവിടം മനോഹരമാണ്. നല്ല സമാധാനമുള്ള സ്ഥലമാണ്. ഈ നിമിഷം എന്റെ ഹൃദയത്തിന് ഇവിടെയിരിക്കാനാണ് ഇഷ്ടം!’
പുതിയ ചിത്രമായ രണത്തിനെക്കുറിച്ചും ഇഷ പറയുന്നു. ജോര്‍ജിയയിലെ അഗെസ്താ സിറ്റിയില്‍, ‘രണം’ സിനിമയുടെ സെറ്റിലേക്കെത്തിയ ആദ്യദിനമാണ് എന്റെ ഓര്‍മയില്‍. 22 മണിക്കൂര്‍ നീണ്ട വിമാനയാത്ര കഴിഞ്ഞ് ഇറങ്ങിയതേയുള്ളൂ. ജെറ്റ് ലാഗ് അടിച്ച് ആകെ അവശയായിരുന്നു ഞാന്‍. പക്ഷേ എയര്‍പോര്‍ട്ടില്‍ നിന്നും നേരെ സെറ്റിലേക്ക് തന്നെ പോന്നു. പൃഥ്വിരാജിനെ കാണാനും ഷൂട്ട് സെറ്റപ്പ് അറിയാനും എനിക്ക് അത്രയ്ക്ക് ആകാംക്ഷയായിരുന്നു. ‘പ്ലെയിനില്‍ നിന്ന് നേരെ വരികയാണെന്നൊന്നും നിങ്ങളെ കണ്ടാല്‍ തോന്നുകയില്ല.’ എന്നെ ഊഷ്ടമളമായി സ്വാഗതം ചെയ്തുകൊണ്ട് പൃഥ്വി പറഞ്ഞു.
തൊട്ടടുത്ത നിമിഷം തന്നെ പൃഥ്വിയുമായി ഫ്രെയിം പങ്കിടാന്‍ പോവുകയാണല്ലോ എന്നോര്‍ത്ത് ഞാന്‍ ആകെ ത്രില്‍ഡ് ആയി. കുറേക്കാലത്തിന് ശേഷം ഞാന്‍ കണ്ട നിശ്ചയദാര്‍ഢ്യമുള്ള മനുഷ്യനാണ് പൃഥ്വിരാജ്. സിനിമയോട് കടുത്ത പാഷനാണ് പുള്ളിക്ക്. എനിക്കുള്ള ഡയലോഗുകള്‍ പൃഥ്വി എഴുതിത്തന്നു. ഒപ്പം അഭിനയിച്ച ഒരു നടനും എനിക്ക് വേണ്ടി അങ്ങനെയൊന്ന് ചെയ്തിരുന്നതായി ഓര്‍ക്കുന്നില്ല. അതൊരു മനോഹരമായ അനുഭവം! രണം സിനിമയിലൂടെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ലോകത്തെ കുറിച്ച് എനിക്ക് വിശദീകരിച്ച് തരാനും പൃഥ്വി ശ്രമിച്ചു. ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ രസമുള്ള നടനാണ് പൃഥിയെന്നും മുന്‍പ് അഭിനയിച്ച സിനിമകളുമായി ബന്ധപ്പെട്ട തമാശകളും കഥകളുമൊക്കെ പൃഥി പറയാറുണ്ടെന്നും ഇഷ പറയുന്നു.