മാന്നാർ: എണ്‍പതാം വയസിൽ ഐഷാബീവിക്ക് സ്വന്തമായി വാസയോഗ്യമായ വീട് ലഭിച്ചതിന്റെ സന്തോഷം മുഖത്ത് തെളിഞ്ഞു. അതും ചെറിയ പെരുന്നാളിന്റെ പുണ്യദിനത്തിൽ ആയപ്പോൾ ഇരട്ടി മധുരം. മാന്നാർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചായംപറന്പിൽ ഐഷാബീവി കഴിഞ്ഞ ഒന്‍പതു വർഷമായി വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സഹോദരി കൂടി മരിച്ചതോടെ മറ്റ് ആശ്രയങ്ങൾ ഒന്നുമില്ലാതെ സഹോദരിയുടെ മക്കളുടെ കൂടെ താമസിക്കുകയായിരുന്നു. ഇവരുടെ ഓഹരിയായി മുക്കാൽ സെന്റ് സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ഇവർക്ക് സ്വന്തമായി ഭവനം ഇല്ലെന്ന് അറിഞ്ഞ ചോരാത്ത വീട് പദ്ധതി ചെയർമാൻ ഇവിടെയെത്തി ഈ സ്ഥലത്ത് മനോഹരമായ ഒരു ഭവനം നിർമിച്ച് നൽകുകയായിരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന 27-ാമത്തെ വീടാണിത്.
സുമനസുകളുടെ സഹകരണത്തോടെ പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം സജിചെറിയാൻ എംഎൽഎ നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരീം അധ്യക്ഷനായിരുന്നു. മാന്നാർ അബ്ദുൾലത്തീഫ്, റോയി പുത്തൻപുരയിൽ, മുഹമ്മദ് ബഷീർ, സജികുട്ടപ്പൻ, സുധീർ ഇലവണ്സ്, ജുനൈദ് എന്നിവർ പ്രസംഗിച്ചു. ്