ആലപ്പുഴ: സഹോദരന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പിഴയോടുകൂടി ജീവപര്യന്തം ശിക്ഷ. പുളിങ്കുന്ന് പഞ്ചായത്ത് 10-ാം വാർഡിലെ മറ്റക്കാട്ട് വീട്ടിൽ കുഞ്ഞുമോനാണ് കുറ്റക്കാരനെന്നുകണ്ട് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി എ.ഇയാസ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയും, തുക അടച്ചില്ലെങ്കിൽ ഒരുവർഷം കഠിന തടവും അനുഭവിക്കണം. 2010 ജനുവരി ഒന്നിനാണ് കേസിന് ആധാരമായ സംഭവം.
കുഞ്ഞുമോന്റെ സഹോദരന്റെ ഭാര്യ ഐഷമ്മയേയാണ് കൊലപ്പെടുത്തിയത്. ചാണകവെള്ളം ഒഴുക്കി വിടുന്നതുമായും റേഷൻ കാർഡുമായും ബന്ധപ്പെട്ട തർക്കം കുടുംബകലഹത്തിലും കൊലപാതകത്തിലും എത്തുകയായിരുന്നു. വഴക്കിനിടെ കക്കാ പുഴുങ്ങാൻ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ഐഷമ്മയുടെ ദേഹത്ത് ഒഴിച്ച് കുഞ്ഞുമോൻ തീകൊളുത്തി.
പൊള്ളലേറ്റ ഐഷമ്മയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 13ന് മരിച്ചു. പുളിങ്കുന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിസ്താരവേളയിൽ പ്രതി കുറ്റക്കാരനാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധ്യപ്പെടുത്തി. പബ്ലിക് പ്രോസിക്യൂട്ടർ പി.കെ.രമേശൻ കോടതിയിൽ ഹാജരായി.