ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെതിരേ പോലീസ് രജിസ്റ്റർ ചെയ്തത് രണ്ടു കേസുകൾ. ഞായറാഴ്ച വൈകിട്ട് നാലു മിനിറ്റിന്റെ ഇടവേളയിലാണ് ഡൽഹി പോലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തത്. ജെഎന്‍യു കാന്പസിലുണ്ടായ ഗുണ്ടാ ആക്രമണത്തിൽ തലപൊട്ടി ചോരയൊലിക്കവെയാണ് ഐഷിക്കെതിരേ ഈ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് എന്നതാണു ശ്രദ്ധേയം.
സർവകലാശാല ഭരണകൂടത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസുകൾ രജിസ്റ്റർ ചെയ്തതെന്നു പോലീസ് അറിയിച്ചു. മൂന്ന് എഫ്ഐആറുകളുടെ പകർപ്പും പോലീസ് പുറത്തുവിട്ടു. മൂന്നാം എഫ്ഐആറിൽ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. ജെഎന്‍യു കാന്പസിൽ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിച്ചവരുടെ പേരിലുള്ളതാണ് ഈ കേസ്. ഇവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നാണു പോലീസ് പറയുന്നത്.
ഞായറാഴ്ച വൈകിട്ട് 8.39, 8.43 എന്നീ സമയങ്ങളിലാണ് ഐഷിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഈ സമയം പുറത്തുനിന്നെത്തിയ ഗുണ്ടാസംഘം ജെഎന്‍യു കാന്പസിൽ ഐഷിയടക്കമുള്ള വിദ്യാർഥികളെയും അധ്യാപകരെയും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
വിദ്യാർഥികളുടെ രജിസ്ട്രേഷൻ നടക്കുന്നതിനിടെ ഐഷിയും സംഘവും ചേർന്ന് സെർവർ റൂം തകർക്കാൻ ശ്രമിച്ചെന്നു കാട്ടിയാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷൻ പരാതി നൽകിയത്. ഇതിൽ ഐഷി ഉൾപ്പെടെ 26 പേർ പ്രതികളാണ്. ഈ മാസം ഒന്നിനും നാലിനും ഇവർ സെർവർ റൂം തകർക്കാൻ ശ്രമിച്ചെന്നാണു പരാതിയിൽ പറയുന്നത്.
അതേസമയം, ജെഎന്‍യു കാന്പസിൽ മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരെ കണ്ടെത്താൻ പോലീസിനോ ജെഎന്‍യു അഡ്മിനിസ്ട്രേഷനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കാന്പസിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്ന് ചില മുഖങ്ങൾ തിരിച്ചറിഞ്ഞെങ്കിലും പോലീസ് ഇതേവരെ അനങ്ങിയിട്ടില്ല. മൂന്നു മണിക്കൂർ കാന്പസിൽ അഴിഞ്ഞാടിയശേഷം അക്രമികൾക്കു രക്ഷപ്പെടാൻ പോലീസ് സൗകര്യമൊരുക്കി എന്ന ആരോപണം നിലനിൽക്കവെയാണ് ആക്രമണത്തിനിരയായവരുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്.