കൊച്ചി: സദാചാര ഗുണ്ടായിസത്തിനു വാർത്തയ്ക്കപ്പുറമുള്ള തീവ്രതയുണ്ടെന്നു കരുതുന്നതിനാലാണ് ഇഷ്ക് എന്ന സിനിമയുണ്ടായതെന്ന് തിരക്കഥാക്കൃത്ത് രതീഷ് രവി പത്രസമ്മേളനത്തിൽ പറഞ്ഞു. സിനിമയ്ക്ക് ഒരു നിലപാടുണ്ടാകണമെന്നും യാഥാർഥ്യബോധമുണ്ടാകണമെന്നും കരുതിയിരുന്നു.
അതനുസരിച്ചായിരുന്നു സിനിമ. സിനിമയിലൂടെ അവതരിപ്പിക്കുന്ന പ്രശ്നം അഭിമുഖീകരിച്ച നിരവധിയാളുകൾ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും തുറന്നുപറച്ചിലുകൾ നടത്തുന്നുണ്ട്. അത് സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കണ്ട പ്രേക്ഷകർ ഇഷ്ക് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് വിലയിരുത്തുന്നതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. സിനിമ കൂടുതൽ സ്ത്രീ പ്രേക്ഷകരിലേക്കെത്തണമെന്നാണ് ആഗ്രഹം. താനും സദാചാരഗുണ്ടായിസത്തിന്റെ ഇരയാണ്. തന്റെ വരുംസിനിമകളിലും സ്ത്രീവിരുദ്ധ നിലപാടുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഷെയ്ൻ നിഗം, ആൻ ശീതൾ, ഇയോണ സെബാസ്റ്റ്യൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.