ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ ജീവൻ രക്ഷിക്കുന്നതിനായി ഫലപ്രദമായ രീതിയിൽ ഇടപെട്ടതിനു സുപ്രീംകോടതിയോടു നന്ദി പറഞ്ഞ് ചീഫ് ജസ്റ്റീസ് എൻ.വി. രമണയ്ക്ക് മലയാളി പെണ്കുട്ടിയുടെ കത്ത്.
തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ലിഡ്വിന ജോസഫാണ് ചീഫ് ജസ്റ്റീസിനു കത്തയച്ചത്.
കൊറോണ വൈറസിനെ ഒരു ന്യായാധിപൻ തന്റെ ചുറ്റികകൊണ്ട് അടിച്ചമർത്തുന്നതും ത്രിവർണ പതാകയും അശോകസ്തംഭവും രാഷ്ട്രപിതാവിന്റെ പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരു ഛായാചിത്രവും വിദ്യാർഥിനി കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർഥിനിയുടെ കത്തിന് ആശംസകൾ അറിയിച്ചും അഭിനന്ദിച്ചും ചീഫ് ജസ്റ്റീസ് മറുപടി ക്കത്ത് അയച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
കോവിഡ് മൂലം ഡൽഹി അടക്കമുള്ള സ്ഥലങ്ങളിലുണ്ടായ മരണത്തെക്കുറിച്ച് പത്രങ്ങളിൽ വായിച്ചത് തന്നെ വളരെയധികം ആശങ്കപ്പെടുത്തിയതായി ലിഡ്വിന പറയുന്നു.
ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങളുടെ ക്ലേശങ്ങൾ പരിഹരിക്കുന്നതിനും മരണങ്ങൾ കുറയ്ക്കുന്നതിനുമായി ബഹുമാനപ്പെട്ട കോടതി ഫലപ്രദമായ ഇടപെടൽ നടത്തി.
നിരവധി ആളുകളുടെ ജീവൻ നിലനിർത്തുന്നതിന് ഓക്സിജൻ സിലിണ്ടർ വിതരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചു.
കോടതിയുടെ നിർണായക ഇടപെടലുകൾ മൂലം രാജ്യത്ത്, പ്രത്യേകിച്ച് ഡൽഹിയിൽ കോവിഡ് മൂലമുണ്ടായ മരണനിരക്ക് കുറയ്ക്കാനായി. ഇക്കാര്യത്തിൽ അഭിമാനിക്കുന്നതായും നന്ദി അറിയിക്കുന്നതായും ലിഡ്വിന ജോസഫ് കത്തിൽ വിശദമാക്കി.
മനോഹരമായി തയാറാക്കിയ കത്തും ന്യായാധിപൻ തന്റെ ജോലി ചെയ്യുന്നത് ഹൃദയസ്പർശിയായി ചിത്രീകരിച്ചതും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് വിദ്യാർഥിനിക്കു മറുപടിക്കത്ത് നൽകിയത്.
മഹാമാരിക്കാലത്ത് ജനങ്ങളുടെ ക്ഷേമകാര്യത്തിൽ പെണ്കുട്ടി പ്രകടിപ്പിച്ച ആശങ്ക മതിപ്പുണ്ടാക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റീസ്, വിദ്യാർഥി വളർന്ന് ജാഗ്രതയും ഉത്തരവാദിത്വവുമുള്ള പൗരയാകുമെന്നു തനിക്കു ബോധ്യമുണ്ടെന്നും കത്തിൽ പറയുന്നു.