പടിഞ്ഞാറത്തറ: പുതുശേരിക്കടവിൽ നിന്നും തേർത്തുംകുന്ന് റോഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത ഇഷ്ടികക്കളത്തിനെതിരെ പ്രദേശ വാസികൾ. പുഴപുറന്പോക്ക് ഭൂമി കൈയ്യേറിയാണ് സ്വകാര്യ വ്യക്തി ഇഷ്ടികക്കളം പ്രവർത്തിപ്പിക്കുന്നതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.
യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പുഴയേക്കാൾ ആഴത്തിൽ കുഴികളെടുത്ത് മണ്ണ് സംഭരിച്ച് ഇഷ്ടിക നിർമാണം നടത്തുന്നത്. ഇതോടെ പ്രദേശത്തെ കിണറുകളെല്ലാം വേനൽക്കാലത്തിന് മുൻപേ വറ്റുകയാണ്. പുഴയോട് ചേർന്ന് ഇരുപത് അടിയോളം ആഴത്തിൽ കുഴിച്ചാണ് മണ്ണെടുത്തിരിക്കുന്നത്. ഇതോടെ പുഴയിൽ നിന്നും കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഇരച്ചു കയറിയതാണ് നിരവധി വീടുകളിൽ വെള്ളം കയറാനിടയായതെന്നും ആരോപണമുണ്ട്.
അനധികൃത ഇഷ്ടിക നിർമാണ യൂണിറ്റിനെതിരെ നാൽപ്പതോളം പ്രദേശവാസികളൊപ്പിട്ട പരാതി മാനന്തവാടി സബ്കളക്ടർക്ക് നൽകിയിട്ടുണ്ട്. ഈ വർഷം ഇഷ്ടികക്കളം പ്രവർത്തിക്കാനനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ.