അജിത്ത് ജി. നായര്‍
മൊസാദ്, എഫ്എസ്ബി, സിഎസ്ഐ, റോ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ രഹസ്യന്വേഷണ സംഘടനകളാണിത്. സ്വന്തം രാജ്യങ്ങളുടെ സുരക്ഷയും ഭീകരവാദത്തിനെതിരായ പോരാട്ടവുമാണ് മേല്‍പ്പറഞ്ഞ സംഘടനകളുടെ മുഖമുദ്ര. എന്നാല്‍ ഈ സംഘടനകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെ പ്രവര്‍ത്തനം. പ്രവര്‍ത്തന വൈരുദ്ധ്യം എന്നുവേണമെങ്കില്‍ പറയാം. രാജ്യസുരക്ഷയിലുപരി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യുക എന്ന രീതിയേക്ക് അധപതിച്ച ഐഎസ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഏറിയപങ്കും ഇന്ത്യയെ ലക്ഷ്യംവച്ചാണ് നടക്കുന്നത്.
1948ലാണ് ഐഎസ്ഐയുടെ ചരിത്രം ആരംഭിക്കുന്നത്. സ്വാതന്ത്യാനന്തരം രൂപീകരിച്ച ഇന്റലിജന്‍സ് ഏജന്‍സികള്‍ ഫലപ്രദമാകാതെ വന്നതോടെയാണ് ഐഎസ്ഐയുടെ രൂപീകരണം. ഓസ്ട്രേലിയയില്‍ ജനിച്ച് ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായ വാള്‍ട്ടര്‍ ജോസഫ് കാത്തോണിന്റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു ഐഎസ്ഐ. ആ സമയത്ത് പാത്തിസ്ഥാന്റെ ഉപസൈന്യാധിപന്‍ എന്ന ചുമതല നിര്‍വഹിക്കുകയായിരുന്നു കാത്തോണ്. പാകിസ്ഥാന്റെ മൂന്ന് സേനാവിഭാഗങ്ങളിലുംപ്പെട്ട ഉദ്യോഗസ്ഥരെ ഇതില്‍ അംഗമാക്കിയായിരുന്നു അദ്ദേഹം ഐഎസ്ഐക്കു തുടക്കം കുറിച്ചത്. കേണല്‍ ഷാഹിദ് ഹമീദിനെ തലവനുമാക്കി. 1951ല്‍ കാത്തോണ് പാക്കിസ്ഥാന് വിട്ടതോടെ ഐഎസ്ഐയുടെ രൂപവും ഭാവവും ആകെമാറി. അതോടെ രാജ്യത്തിനകത്ത് സമാധാനം സൃഷ്ടിക്കുക എന്ന ചുമതലയില്‍ നിന്നും കാഷ്മീരില്‍ വിഘടനവാദം വളര്‍ത്തുക, വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശ സംരക്ഷണം എന്നീ പ്രഖ്യപിത ലക്ഷ്യങ്ങളിലേക്ക് ഐഎസ്ഐ രൂപാന്തരപ്പെട്ടു.
അമ്പതുകളുടെ അവസാനത്തില്‍ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത അയൂബ് ഖാന് തന്റെ രാഷ്ട്രീയ എതിരാളികളെ നിരീക്ഷിക്കാനും പട്ടാളഭരണം നിലനിര്‍ത്താനും ഐഎസ്ഐയെ ഉപയോഗിച്ചു. 1965ലെ ഇന്ത്യ-പാകിസ്ഥാന് യുദ്ധത്തിനു ശേഷം 1966ല്‍ ഐഎസ്ഐ പുനസംഘടിപ്പിച്ചു. 1969ല്‍ സംഘടന വിപൂലീകരിച്ചു. 1970ലെ ഇലക്ഷനില്‍ സുള്‍ഫിക്കര്‍ അലി ഫൂട്ടോയുടെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി അധികാരത്തിലേറിയതോടെ ഐഎസ്ഐയുടെ ശക്തി ക്ഷയിച്ചു. 1977ല്‍ ജനറല്‍ സിയാ ഉള്‍ഹക്ക് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയത് ഐഎസ്ഐയ്ക്ക് നവജീവന്‍ പകര്‍ന്നു. അയൂബ് ഖാന് ഏതുവിധം ഐഎസ്ഐയെ ഉപയോഗിച്ചിരുന്നുവോ അതേ രീതിതന്നെയായിരുന്നു സിയായ്ക്കും. 1980ല്‍ ആരംഭിച്ച സോവിയറ്റ് യൂണിയന്റെ അഫ്ഗാന് യുദ്ധത്തില്‍ അമേരിക്കന്‍ രഹസ്യന്വേഷണ സംഘടനയായ സിഎസ്ഐയുടെ സഹായത്തോടെയായിരുന്നു ഐഎസ്ഐയുടെ ഇടപെടല്‍.
സോവിയറ്റ് യൂണിയനെതിരായുള്ള അമേരിക്കന്‍ കരുനീക്കത്തില്‍ ഐഎസ്ഐ അംഗങ്ങള്‍ക്ക് സിഐഎ അമേരിക്കയില്‍ വച്ചായിരുന്നു പരിശീലനം നല്‍കിയത്. അഫ്ഗാന് മുജാഹുദീന്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഐഎസ്ഐ സോവിയറ്റ് യൂണിയനെതിരേ പോരാടി. അഫ്ഗാന് യുദ്ധത്തിനു ശേഷം അമേരിക്ക കൈയ്യൊഴിഞ്ഞ ഐഎസ്എ പതിയെ ഇന്ത്യയ്ക്ക് ഭീഷണിയായിത്തുടങ്ങി. അമേരിക്ക പഠിപ്പിച്ചുവിട്ട യുദ്ധതന്ത്രങ്ങള്‍ ഇവര്‍ ഭീകരസംഘടനകളെ വളര്‍ത്തുന്നതിനായി ഭാവിയില്‍ ഉപയോഗിച്ചു. ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടത്തി വിടുന്നതും അന്നു മുതല്‍ ഇന്നുവരെ നിര്‍ബാധം തുടരുകയാണ്. ഇന്ത്യയില്‍ നടന്ന ഒട്ടുമിക്ക ഭീകരാക്രമണങ്ങളുടെയും ബുദ്ധികേന്ദ്രം ഐഎസ്ഐയാണെന്ന് ഇന്ത്യയുടെ രഹസ്യന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
സമീപഭാവിയില്‍ ഇവര്‍ക്കു പറ്റിയ അമളികള്‍ അനവധിയാണ്. ഒസാമ ബിന്‍ ലാദന്റെ അബട്ടാബാദിലെ ഒളിത്താവളം പാകിസ്ഥാന് പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഉസ്മാന് ഖാലിദ് സിഐഎയ്ക്ക് ചോര്‍ത്തിക്കൊടുത്തതാണ് അതില്‍ ഒന്നാമത്തേത്. പണവും സുരക്ഷയും സിഐഎ വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. ഇതിനെത്തുടര്‍ന്ന് ലാദന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ ഡോ. ഷക്കീല്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ നടത്തിയ വ്യാജ പോളിയോ ക്യാമ്പെയ്ന് നടത്തുകയും ഡിഎന്‍എ പരിശോധനയിലൂടെ ലാദന്റെ സാന്നിദ്ധ്യം തിരിച്ചറിയുകയുമായിരുന്നു. ഇത് ഐഎസ്ഐയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വീഴ്ചകളില്‍ ഒന്നായി. പാകിസ്ഥാനില്‍ ഇന്ത്യ ഭീകരവാദം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണമായിരുന്നു അടുത്തത്. എന്നാല്‍ അതിനുതക്കതായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാഞ്ഞതു മൂലം ഐഎസ്ആഐ വീണ്ടും ലോകത്തിനു മുമ്പില്‍ അപഹാസ്യരായി. ബലൂചിസ്ഥാനില്‍ നിന്ന് റോയുടെ പ്രവര്‍ത്തകനായ കല്‍ബൂഷന്‍ സിംഗിനെ പിടികൂടാനായതുമാത്രമാണ് ഐഎസ്ഐയ്ക്ക് ആശ്വാസമായത്.
അഫ്ഗാന് യുദ്ധത്തിനായി രൂപീകരിച്ച പ്രത്യേകസേനയെ യുദ്ധാനന്തരം നിയന്ത്രിക്കാന്‍ അവര്ക്കായില്ലയെന്നത് മറ്റൊരു സത്യം. സോവിയറ്റ് സേനയ്ക്കെതിരേ പൊരുതിയ പ്രത്യേകസൈന്യത്തിന് അത്യാധുനീക ആയുധങ്ങള്‍ നല്‍കിയത് അമേരിക്കയും സിഐഎയുമായിരുന്നു. എന്നാല്‍ അന്ന് യുദ്ധത്തിനു നേതൃത്വം കൊടുത്തവരില്‍ പലരും പിന്നീട് ഭീകരവാദികളായി മാറി. ബിന്‍ ലാദന്, അയ്മാന്‍ അല്‍ സവാഹിരി തുടങ്ങിയവര്‍ അതേ ആയുധങ്ങളുപയോഗിച്ച് പാകിസ്ഥാനില്‍ അക്രമങ്ങള്‍ അഴിച്ചു വിടുകയും രാജ്യത്തെ അരക്ഷിതാവസ്ഥയ്ക്ക് നാന്ദി കുറിയ്ക്കുകയും ചെയ്തു. എപ്പോള്‍ ഭീകരാക്രമണം നടക്കുമെന്നു പറയാനാകാത്ത രാജ്യമായി പാകിസ്ഥാന് മാറിയതിനു പിന്നിലും ഐഐഎസ്ഐയുടെ പരാജയം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.
ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും ഭീകരാക്രമണങ്ങളും പാകിസ്ഥാനില്‍ സര്വസാധാരണമാകുമ്പോഴും ഇതിനെതിരേ ഒരു ചെറുവിരലനക്കാന്‍ പോലും ഐഎസ്എയ്ക്കു കഴിയുന്നില്ല. ഇത് അവരുടെ കഴിവില്ലായ്മയാണോ അതോ അവരുടെ കഴിവുകള്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു മാത്രം കേന്ദ്രീകരിച്ചിരിക്കുകയാണോ എന്നത് ലോകത്തിനു മുമ്പില്‍ ഒരു ചോദ്യമായി അവശേഷിക്കുകയാണ്.
(രാഷ്ട്രദീപികഡോട്ട്കോം വെബ്ഡെസ്ക് തയാറാക്കുന്ന ലേഖനങ്ങള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവര്‍ത്തിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു)