തൃക്കരിപ്പൂർ (കാസർഗോഡ്): ഐഎസിൽ പോയവരുമായി സമ്പർക്കം ആരോപിച്ച് യുഎഇ പുറത്താക്കിയ ഏഴ് യുവാക്കളെ എൻഐഎ ചോദ്യംചെയ്തു. യുഎഇയിൽനിന്നു നാടു കടത്തപ്പെട്ട ഇവർ വിമാനത്താവളത്തിൽ എത്തിയ ഉടനെ എൻഐഎ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഐഎസിൽ ചേർന്ന് അഫ്ഗാനിസ്ഥാനിലേക്കു പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽനിന്നു പോയവരുമായി മൊബൈൽ ഫോണിൽ സംസാരിച്ച ഏഴു പേരെയാണ് യുഎഇ നാടുകടത്തിയത്.
നിരീക്ഷണത്തിലായിരുന്ന ഏഴ് യുവാക്കളെയാണ് യുഎഇ സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരെ മൂന്നു മാസം ജയിലിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു.
കേരളത്തിൽ വിമാനം ഇറങ്ങിയ ഉടൻ ഇവരെ പിടികൂടി എറണാകുളത്തെ എൻഐഎ ഓഫീസിൽ കൊണ്ടുപോയി ചോദ്യം ചെയ്തു പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ഐഎസിൽ ചേർന്ന തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കൾ മൊബൈൽ ഫോണിൽ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് നാടുകടത്തുകയായിരുന്നു. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഇറങ്ങിയ ഏഴ് പേരെയും എൻഐഎ ആസ്ഥാനത്തേക്കു കൊണ്ടുപോയി ചോദ്യം ചെയ്ത ശേഷം പാസ്പോർട്ടുകൾ പിടിച്ചെടുക്കുകയായിരുന്നു.
2016 ലാണ് ഇവർ റാഷിദ് അബദുല്ല, ഡോ. ഇജാസ് എന്നിവരുമായി ഫോണിൽ സംസാരിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം യുഎഇയിലെത്തിയ ഇവരെല്ലാം നല്ല ജോലിയിൽ തുടരുന്നതിനിടയിലാണ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും നാടു കടത്തപ്പെട്ടതും. ഇവരെ ചോദ്യം ചെയ്തതിൽനിന്നു ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.