സ്വന്തം ലേഖകന്‍
കൊച്ചി: മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാര്‍ ഇറാക്കില്‍ ഐഎസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി ഐഎസ് ബന്ധമാരോപിക്കപ്പെട്ട് അറസ്റ്റിലായ തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍. മൊസൂളില്‍ ഐഎസ് ക്യാമ്പില്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇവര്‍ പരിശീലനം നേടിയിരുന്നതായും ഇയാള്‍ കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യ്ക്കു മൊഴി നല്‍കിയിട്ടുണ്ട്. മൊസൂളില്‍ മാത്രമല്ല സിറിയയിലെ റാഖയിലും മലയാളികള്‍ അടക്കമുള്ളവര്‍ നാളുകളായി പരിശീലനം നേടിയിരുന്നുവെന്നത് എന്‍ഐഎ തികഞ്ഞ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇവരില്‍ മുഴുവന്‍ പേരും പോരാട്ടത്തിലല്ല ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചിലരെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും നിയോഗിക്കുന്നതായാണു സുബ്ഹാനി ഹാജാ മൊയ്തീന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരിക്കുന്നത്.
സുബ്ഹാനിയെ എറണാകുളത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ എന്‍ഐഎ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാളെ എന്‍ഐഎ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ഐഎസ് ഹിന്ദ് ക്യാമ്പുകളാണ് ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ കാര്യങ്ങള്‍ നോക്കുന്നതെന്നു ഇയാള്‍ എന്‍ഐഎയെ അറിയിച്ചു. ഐഎസ് സ്വാധീനത്തിലുള്ള നഗരങ്ങളില്‍ ഇവര്‍ക്കു താമസസൗകര്യം ഒരുക്കി നല്‍കുമെന്നു മാത്രമല്ല ഇവര്‍ക്കുള്ള പണവും നല്‍കും. എന്നാല്‍ ഐഎസിലെത്തപ്പെട്ട മുഴുവന്‍ ഇന്ത്യക്കാരേയും കുറിച്ചുള്ള വിവരം ഇയാളുടെ പക്കല്‍ ഉള്ളതായി എന്‍ഐഎ കരുതുന്നില്ല. പോരാട്ട രംഗത്തായിരുന്നു സുബ്ഹാനി. അതുകൊണ്ടു തന്നെ മറ്റു മേഖലകളില്‍ ഉണ്ടായിരുന്നവരെ കുറിച്ച് ഇയാള്‍ക്കുള്ള ധാരണകള്‍ പൂര്‍ണമാകണമെന്നില്ല.
എന്നാല്‍ സിറിയയിലേയും ഇറാഖിലേയും ഐഎസ് ക്യാമ്പുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ സുബ്ഹാനി ഐഎസിനായി യുദ്ധം ചെയ്തതായി എന്‍ഐഎ കോടതിയെ അറിയിച്ചിട്ടുണ്ട്. ഐഎസ് വിടാന്‍ തീരുമാനമെടുത്ത ഇയാള്‍ക്ക് ക്രൂരമര്‍ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. ഒടുവില്‍ ഇന്ത്യയില്‍ ഐഎസ് വളര്‍ത്താമെന്ന് ഭീകരരെ വിശ്വസിപ്പിച്ചാണ് തിരിച്ചു പോന്നതെന്നും ഇയാള്‍ അന്വേഷണ സംഘത്തനു മുമ്പാകെ മൊഴി നല്‍കി. എന്നാല്‍ ഇതു വിശ്വസനീയമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവിടെ മടങ്ങി എത്തിയശേഷവും ഐഎസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടു പ്രവര്‍ത്തിച്ചിരുന്ന മൂന്നു ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള ദൗത്യമാണ് ഇയാളെ ഐഎസ് ഏല്പിച്ചിരുന്നതെന്നാണ് എന്‍ഐഎ മനസിലാക്കുന്നത്. ചെന്നൈയും ഹൈദരാബാദും അടക്കമുള്ള നഗരങ്ങള്‍ ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനായി മൂന്നു മൊഡ്യൂളുകളും ഇവര്‍ തയാറാക്കിയിരുന്നു. ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണവും നിര്‍ദ്ദേശങ്ങളും ഗള്‍ഫ് രാജ്യങ്ങളിലും സിറിയയിലും ഉള്ള ഐഎസ് കേന്ദ്രങ്ങളില്‍ നിന്നുമാണ് ലഭ്യമാക്കിയിരുന്നത്. ഹവാല മാര്‍ഗത്തിലാണു പണം എത്തിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസില്‍ നിന്നും മടങ്ങിയെത്തിയ ശേഷം യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു സുബ്ഹാനിയെന്നും എന്‍ഐഎ മനസ്സിലാക്കിയിട്ടുണ്ട്.
ഇയാള്‍ തമിഴ്്‌നാട്ടിലെ ശിവകാശിയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ ശ്രമിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സിറിയയില്‍ നിന്നും മടങ്ങിയെത്തിയ ഇയാള്‍ തിരുനെല്‍വേലിയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാളുടെ രഹസ്യ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും പണമെത്തുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഒരു വര്‍ഷത്തിനിടയിലെ ഇയാളുടെ നീക്കങ്ങളുടെ വിശദാശംങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവരികയാണ്.
ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നതു നേരിട്ടു കണ്ടതോടെയാണ് ഐഎസ് വിടാന്‍ തീരുമാനമെടുത്തതെന്നാണ് ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുള്ളത്. യുദ്ധഭൂമിയിലെ അക്രമവും ദുരിതവും തന്റെ മനസു മടുപ്പിച്ചെന്നും ഇയാള്‍ എന്‍ഐഐയോട് പറഞ്ഞിട്ടുണ്ട്. ഇറാഖില്‍ നിന്നാണ് ഇയാള്‍ക്ക് ഐഎസ് പരിശീലനം ലഭിച്ചത്. ഐഎസിനായി യുദ്ധം ചെയ്യാന്‍ മൊസൂളിലേക്കാണ് തന്നെ നിയോഗിച്ചതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
വസ്ത്ര വ്യാപാരത്തിനായി തമിഴ്‌നാട്ടില്‍ നിന്നും തൊടുപുഴയില്‍ കുടിയേറിയ കുടുബത്തിലെ അംഗമാണ് സുബ്ഹാനി. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെന്നു ബന്ധുക്കളെ തെറ്റിധരിപ്പിച്ചാണ് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ സന്ദര്‍ശക വിസയില്‍ തുര്‍ക്കിയിലെത്തിയത്. അവിടെ നിന്നു പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്തവരുമൊത്ത് ഇറാക്കിലേക്കു പോകുകയായിരുന്നു. ഇറാക്കിലെ മൊസൂളില്‍ അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഐഎസ് പരിശീലനം നല്‍കി. രണ്ടു മാസത്തോളം മതപഠനവും നടത്തി. തുടര്‍ന്നു മൊസൂളില്‍ കുര്‍ദ്, ഇറാക്ക് സൈന്യത്തിനെതിരേ യുദ്ധം ചെയ്യുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. ഭക്ഷണവും താമസവും കൂടാതെ പ്രതിമാസം 100 യുഎസ് ഡോളര്‍ വീതം പ്രതിഫലവും നല്‍കാമെന്നു പറഞ്ഞിരുന്നതായി സുബ്ഹാനി മൊഴി നല്‍കിയതായി പറയുന്നു.
ഐഎസില്‍ നിന്നും തിരികെ പോരാന്‍ അനുവാദം ലഭിച്ച സുബ്ഹാനി രണ്ടാഴ്ചയോളം ഇസ്താംബൂളില്‍ അനധികൃതമായി താമസിച്ച ശേഷം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെന്നും നാട്ടിലേക്കു മടങ്ങാന്‍ സൗകര്യമൊരുക്കണമെന്നുമാവശ്യപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. ഒടുവില്‍ തുര്‍ക്കി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ഇസ്താംബൂളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22ന് മുംബൈ വഴി നാട്ടിലേക്കു കയറ്റിവിടുകയായിരുന്നു.