ബാഗ്ദാദ്: കിർകുക്ക് പ്രവിശ്യയിലെ ഹവിജാ നഗരത്തിനു സമീപം 400 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയതായി റിപ്പോർട്ട്. ഐഎസ് വധിച്ച സിവിലിയന്മാരെ സംസ്കരിച്ച അഞ്ചു കുഴിമാടങ്ങളാണു കാണപ്പെട്ടത്. വധിക്കപ്പെടേണ്ടവരെ വാഹനങ്ങളിൽ എത്തിച്ചശേഷം വെടിവച്ചു കുഴിയിൽ തള്ളുകയായിരുന്നു.
വെടിവയ്പിനു ദൃക്സാക്ഷികളായിരുന്നവരിൽ ചിലരാണ് കൂട്ടക്കുഴിമാടത്തിന്റെ സ്ഥലം കാണിച്ചുതന്നതെന്ന് ഇറാക്കി സൈന്യം പറഞ്ഞു. ഡിഎൻഎ പരിശോധന നടത്തി കൊല്ലപ്പെട്ടവരെ തിരിച്ചറിയാൻ നടപടി എടുക്കണമെന്ന് കിർകുക്ക് ഗവർണർ സയിദ് ബാഗ്ദാദ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
2014ലാണ് കിർകുക്ക് മേഖലയുടെ നിയന്ത്രണം ഐഎസ് പിടിച്ചെടുത്തത്. രണ്ടു വർഷത്തിനുശേഷം ഐഎസിനെ തുരത്തി കുർദുകൾ നിയന്ത്രണം പിടിച്ചു. കിർകുക്കു വിടാൻ കുർദുകൾക്ക് ഇറാക്ക് സൈന്യം നിർദേശം നൽകിയെങ്കിലും അനുസരിച്ചില്ല. ഇതേത്തുടർന്നു ഒക്ടോബറിൽ സൈന്യം കുർദുകളെ കിർകുക്ക് മേഖലയിൽനിന്നു തുരത്തി.